റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശസ്ഥാപനങ്ങളില്‍ അധിക ജാഗ്രത

June 26, 2021 - 8:39 pm

കൊല്ലം: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശസ്ഥാപന പരിധിയിലുള്ള പ്രദേശങ്ങളില്‍ അധിക ജാഗ്രത ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ടി.പി.ആര്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്താത്ത പ്രദേശങ്ങളില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന് വിവിധ വകുപ്പ് മേധാവികളെ സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയമിച്ചു.

കുമ്മിള്‍, അലയമണ്‍(സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ കൊല്ലം); തെക്കുംഭാഗം, തഴവ(ജോയിന്റ് ഡയറക്ടര്‍, ഫാക്റീസ് ആന്റ് ബോയിലേഴ്സ് കൊല്ലം); പേരയം, കുണ്ടറ(ജില്ലാ പ്ലാനിംഗ് ഓഫീസര്‍, കൊല്ലം); ഇട്ടിവ, ചിതറ(ജില്ലാ ഓഫീസര്‍, എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് കൊല്ലം); തൊടിയൂര്‍, ഓച്ചിറ(ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, കൊല്ലം); പടിഞ്ഞാറേ കല്ലട, പോരുവഴി(ജില്ലാ ഡയറി ഡെവലപ്മെന്റ് ഓഫീസര്‍, കൊല്ലം); ആദിച്ചനല്ലൂര്‍, ചിറക്കര(ജില്ലാ ഓഫീസര്‍, മൃഗസംരക്ഷണ വകുപ്പ്, കൊല്ലം); വിളക്കുടി, വെട്ടിക്കവല(ജോയിന്റ് ഡയറക്ടര്‍ കോപ്പറേറ്റീവ് സൊസൈറ്റി); മേലില, വെളിയം, നെടുവത്തൂര്‍(ഡെപ്യൂട്ടി ഡയറക്ടര്‍, ദേശീയ സമ്പാദ്യ പദ്ധതി); മൈലം, പട്ടാഴി(ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍, കൊല്ലം); ചവറ, പനയം( ജില്ലാ സപ്ലൈ ഓഫീസര്‍, കൊല്ലം); അഞ്ചല്‍, പിറവന്തൂര്‍(ജില്ലാ ലേബര്‍ ഓഫീസര്‍, കൊല്ലം); മണ്‍ട്രോതുരുത്ത്, കിഴക്കേകല്ലട, പവിത്രേശ്വരം(ജില്ലാ രജിസ്ട്രാര്‍, കൊല്ലം) തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് ഈ മാസം 30 ന് മുന്‍പായി പ്രതിവാര ടി.പി.ആര്‍ നിരക്ക് എട്ടു ശതമാനത്തില്‍ താഴെ എത്തിക്കണമെന്നാണ് ചുമതലപ്പെടുത്തിയ പ്രത്യേക ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം.

മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കല്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുക, ഗൃഹചികിത്സാ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ഡോമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കുന്ന നടപടികളും ഏകോപിപ്പിക്കണം.

പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട സബ്ഡിവിഷന്‍ മേധാവിമാരുമാരുടെയും ജില്ലാ സര്‍വൈലന്‍സ് ഓഫീസറുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും നിര്‍ദ്ദേശങ്ങള്‍  പരിഗണിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണം. ആര്‍.ആര്‍.ടി ടീം അംഗങ്ങള്‍ ഗൃഹ ചികിത്സയില്‍ കഴിയുന്ന രോഗബാധിതര്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭൗതിക സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് സ്പെഷ്യല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ഇത് സംബന്ധിച്ച് അവലോകന യോഗങ്ങളും നടത്തണം. ചുമതലപ്പെടുത്തിയ പ്രത്യേക ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ വികസന കമ്മീഷണറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

പ്രദേശങ്ങളിലെ ടി.പി.ആര്‍ നിരക്കില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രതിദിന കോവിഡ് അവലോകന യോഗങ്ങളില്‍ ചുമതലപ്പെട്ട  ഉദ്യോഗസ്ഥര്‍ അവതരിപ്പിക്കും. സ്പെഷ്യല്‍ ഉദ്യോഗസ്ഥര്‍ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  ആവശ്യപ്പെടുന്ന ക്രമീകരണങ്ങളും സഹായങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ തുടങ്ങിയവര്‍ ലഭ്യമാക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *