തൃശൂര്‍ : കൊടകരയിലെ ബിജെപി കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ രണ്ട് പ്രതികളുടെ കൂടി ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തളളി. 12-ാം പ്രതി മലപ്പുറം നിലമ്പൂര്‍ മമ്പാട് കേച്ചേരി കുനിയില്‍ അബ്ദുള്‍ റഷീദ്(47), 16-ാം പ്രതി കോഴിക്കോട് പന്നിയങ്കര കല്ലായ് താണിക്കല്‍പറമ്പ് വീട്ടില്‍ അബ്ദുള്‍ റഷീദ് (36) എന്നിവരുടെ ജാമ്യാപേക്ഷകളാണ് തളളിയത്. കഴിഞ്ഞ ദിവസം മറ്റ് 6 പ്രതികളുടെയും ജാമ്യപേക്ഷ തളളിയിരുന്നു. ദേശീയ പാര്‍ട്ടി തെരഞ്ഞെടുപ്പിനെത്തിച്ച പണം നേതാക്കള്‍ തന്നെ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് കൊളളയടിക്കകുയായിരുന്നെന്നും തങ്ങള്‍ക്ക് ബന്ധമില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പ്രതികള്‍ വാദിച്ചത്.
പരാതിയില്‍ 25 ലക്ഷം നഷ്ടപ്പെട്ടെന്ന് പറയുകയും ഒന്നരക്കോടിയോളം രൂപ കണ്ടെടുക്കകുയും ചെയ്‌തതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് നിലനില്‍ക്കിലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ രാഷ്ട്രീയ സ്വാധീനമുളള കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റൊരു സംസ്ഥാനത്തുനിന്നെത്തിച്ച പണം കൊളളയടിക്കപ്പെട്ടതാണെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു
2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കൊടകരയില്‍ വാഹനാപകടമുണ്ടാക്കി മൂന്നര കോടി രൂപ കൊളളയടിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ചതാണ് പണമെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുളളത്.
