02/07/2021 വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ ഫിഫ റാങ്കിംഗിലെ ഒന്നാം നമ്പറുക്കാരായ ബെല്‍ജിയത്തെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം.
02/07/2021 വെള്ളിയാഴ്ച നടന്ന ഒന്നാം ക്വാർട്ടർ ഫൈനലില്സ്വി റ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് സ്‌പെയ്ന്‍ ജയം കണ്ടു.
മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ ഇറ്റലി ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ തിബോ ക്വോര്‍ട്ടുവായെ കീഴ്‌പ്പെടുത്തി എങ്കിലും വീഡിയോ പരിശോധനയില്‍ ഓഫ് സൈഡിലായിരുന്ന ജിയോവാനി ഡി ലൊറന്‍സോയുടെ സ്പര്‍ശമുണ്ടെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിച്ചു. 31-ാം മിനിറ്റില്‍ ബരേല ഇറ്റലിക്ക് ലീഡ് നല്‍കി. രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ ബരേല്ല ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് ക്വോര്‍ട്ടുവായെ കീഴടക്കി. 44-ാം മിനിറ്റില്‍ ഇറ്റലി ലീഡുയര്‍ത്തി. മധ്യവരയില്‍ നിന്നും ഒറ്റയ്ക്ക് പന്തുമായി വന്ന ഇന്‍സീന്യ ബോക്‌സിന് പുറത്ത് നിന്ന് വലങ്കാലുകൊണ്ടെ് തൊടുത്തിട്ട പന്ത് മഴവില്ല് കണക്കെ ബെല്‍ജിയന്‍ വലയില്‍ പതിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ബെല്‍ജിയം ഒരു ഗോള്‍ തിരിച്ചടിച്ചു. ജെറമി ഡോകുവിനെ ബോക്‌സില്‍ ഡി ലൊറന്‍സൊ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ലുകാകുവിന് പിഴച്ചില്ല. രണ്ടാം പകുതിയില്‍ ഡോകു ചില നീക്കങ്ങള്‍ നടത്തിയെങ്കില്‍ ഇറ്റാലിയന്‍ പ്രതിരോധം കുലുങ്ങിയില്ല.
ഒന്നാം ക്വാർട്ടർ ഫൈനലില് എട്ടാം മിനിറ്റില്‍ തന്നെ സ്‌പെയ്ന്‍ മുന്നിലെത്തി. കോക്കെയുടെ കോര്‍ണറില്‍ ജോര്‍ഡി ആല്‍ബയുടെ വോളി പ്രതിരോധതാരം ഡെന്നിസ് സക്കറിയയുടെ കാലില്‍ തട്ടി വലയിലേക്ക്. 68-ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തിലെ പൊരുത്തമില്ലായ്മ സ്വിറ്റ്‌സര്‍ലന്‍ഡിന് സെദ്രാന്‍ ഷാകീരി സമനില ഗോള്‍ സമ്മാനിച്ചു. പത്തോളം ഷോട്ടുകളാണ് സോമ്മര്‍ രക്ഷപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്വിറ്റ്‌സര്‍ലന്‍ഡിനെ സംരക്ഷിച്ച് നിര്‍ത്തിയത് സോമ്മറിന്റെ പ്രകടനമാണ്.
മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സ്‌പെയ്‌നിന് വേണ്ടി കിക്കെടുത്ത സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിഴച്ചു. സ്വിസിനായി കിക്കെടുത്ത മാരിയോ ഗാവ്രനോവിച്ച് ലക്ഷ്യം തെറ്റിച്ചില്ല. ഡാനി ഓല്‍മോ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. സ്വിസ് താരം ഫാബിയന്‍ ഷാറിന് പിഴക്കുകയും ചെയ്തു. മൂന്നാം കിക്കെടുത്ത ഇരു ടീമിലേയും താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. സ്‌പെയ്‌നിനായി നാലാം കിക്കെടുത്ത ജെറാര്‍ഡ് മൊറേനോ ഗോള്‍വര കടത്തി. എന്നാല്‍ സ്വിസ് താരം റുബന്‍ വര്‍ഗാസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മികേല്‍ ഒയര്‍സബാള്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയ്‌നിന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-1ന്റെ ജയം.
