കോഴിക്കോട്: തുഷാരഗിരി ഭൂമി പ്രശ്നം പരിഹരിക്കാനായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുഷാരഗിരിയിൽ കർഷകരിൽനിന്ന് ഏറ്റെടുത്ത ഭൂമി വിട്ടുകൊടുക്കാനുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.
തുഷാരഗിരി സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി പരിശോധിച്ച് സ്ഥലത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും വിനോദ സഞ്ചാര സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഫോറസ്റ്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രനെ ചുമതലപ്പെടുത്തി.
സ്ഥലം എം.എല്‍.എ ലിന്റോ ജോസഫ്, ഡി.ടി.പി.സി സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍കൂടി കേള്‍ക്കണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഈ ഭൂമി വനം വകുപ്പ് നിലനിര്‍ത്തേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമായതിനാല്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ വന മേഖലകളിൽ ജണ്ട കെട്ടുന്നത് സംബന്ധിച്ച് തര്‍ക്കമുള്ള സ്ഥലങ്ങളില്‍ വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത സര്‍വ്വേ നടത്തിയ ശേഷം മാത്രമേ വനം വകുപ്പ് ജണ്ട കെട്ടാന്‍ പാടുള്ളു. വന്യജീവി ആക്രമണത്താല്‍ കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടപരിഹാര തുക സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പു നല്‍കുന്ന നഷ്ടപരിഹാര തുക വിലയിരുത്തുകയും പരിഷ്‌ക്കരിക്കേണ്ട പക്ഷം ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാൻ മന്ത്രി നിര്‍ദ്ദേശിച്ചു.
പട്ടയം, മിച്ചഭൂമി സംബന്ധിച്ച വിഷയങ്ങള്‍ വനം വകുപ്പും ജില്ലാ കലക്ടറും പരിശോധിച്ച് അടിയന്തര തീരുമാനമെടുക്കും. വനം വകുപ്പിന്റെ പ്രവര്‍ത്തനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനും ജലസ്രോതസ്സുകളുടെ തീര സംരക്ഷണത്തിനുമായി ഇല്ലിമുളങ്കാടുകള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
തിരുവനന്തപുരത്ത് ചേർന്ന യോഗത്തില്‍ എം.എല്‍.എമാരായ ടി.പി.രാമകൃഷ്ണന്‍, ഇ.കെ വിജയന്‍, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കാനത്തില്‍ ജമീല, ലിന്റോ ജോസഫ്, കെ.എം സച്ചിന്‍ദേവ്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ എന്നിവരും ജില്ലയിൽ നിന്നും ഓൺലൈനായി ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
