റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോളര്‍ കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സഭാകവാടത്തില്‍ പ്രതീകാത്മക സഭ

August 12, 2021 - 11:57 am

തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് 12/08/21 വ്യാഴാഴ്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അനുമതി നിഷേധിച്ചതിനു പിന്നാലെ, പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സഭാകവാടത്തില്‍ കുത്തിയിരുന്നു. സഭാകവാടത്തില്‍ പ്രതീകാത്മക സഭ നടത്തി, അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തു.

ഡോളര്‍ കടത്ത് കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴികള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പി.ടി തോമസ് നല്‍കിയ നോട്ടീസിലെ ആവശ്യം. എന്നാല്‍, പ്രതികളുടെ മൊഴികള്‍ മാത്രം കണക്കിലെടുത്ത് ചര്‍ച്ച നടത്തുന്നത് ഉചിതമല്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. വിവിധ കോടതികളുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കിയാണ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത്.

എന്നാല്‍ ഇക്കാര്യം എവിടെ പോയി സംസാരിക്കും എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം. സ്വാശ്രയകേസ്, ശബരിമല വിധി, കൊടകര കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ മറ്റു പല നോട്ടീസുകളും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിനു മാത്രം എന്താണ് വിവേചനമെന്നും അദ്ദേഹം ആരാഞ്ഞു. പിന്നാലെ, പ്രതിപക്ഷം സഭ വിട്ടിറങ്ങി. സഭാ കവാടത്തില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതീകാത്മകമായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു. പി.ടി തോമസാണ് സഭയ്ക്ക് പുറത്ത് പ്രമേയം അവതരിപ്പിച്ചത്. ‘ഡോളര്‍ മുഖ്യന്‍’ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് പുറത്തും ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *