റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനകീയ ഗായകനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ ശശിധരൻ അന്തരിച്ചു

October 6, 2021 - 10:12 am

ചെങ്ങന്നൂർ: ജനകീയ ഗായകനും സാംസ്കാരിക പ്രവർത്തകനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വി.കെ ശശിധരൻ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾക്കൊപ്പം ചെങ്ങന്നൂരിലെ വീട്ടിലായിരുന്നു താമസം.

പരിഷത്തിന്റെ കലാജാഥകളിലെ സജീവ സാന്നിധ്യമായിരുന്ന ശശിധരൻ സിനിമയ്ക്ക് വേണ്ടിയും പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

1938ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് ജനനം. ആലുവ യു.സി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 വർഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടുകയുണ്ടായി.

മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അധ്യാപകനായിരുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന വി.കെ.എസ് നിരവധി പരിഷത്ത് കലാജാഥകൾക്കായി അനവധി ഗാനങ്ങൾക്ക് സംഗീതം നൽകി. ബർതോൾത് ബ്രഹത് , ഡോ.എം.പി .പരമേശ്വരൻ , മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു .

80 കളുടെ തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കു സംഗീതാവിഷ്കാരം നിർവഹിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി ,മാനവീയം മിഷൻ , സംഗീത നാടക അക്കാദമി എന്നിവയ്ക്ക് വേണ്ടിയും ഓഡിയോ ആൽബങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി ,വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഗീതാഞ്ജലി, പൂതപ്പാട്ട്‌, പുത്തൻ കലവും അരിവാളും,ബാലോത്സവ ഗാനങ്ങൾ, കളിക്കൂട്ടം. മധുരം മലയാളം, മുക്കുറ്റിപൂവിന്‍റെ ആകാശം, ശ്യാമഗീതങ്ങൾ, പ്രണയം, അക്ഷരഗീതങ്ങൾ,പടയൊരുക്കപ്പാട്ടുകൾ എന്നിവയാണ് പ്രധാന സംഗീത ആല്‍ബങ്ങള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *