റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി യു.പി പൊലീസിന്റെ എഫ്.ഐ.ആർ

October 6, 2021 - 10:57 am

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ ഗുരുതരമായ കൂടുതല്‍ തെളിവുകള്‍. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

സംഭവ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ, ആശിഷ് മിശ്രയും 15-20 ആയുധധാരികളായ ആള്‍ക്കാരും മൂന്ന് ഫോര്‍ വീലറുകളില്‍ കര്‍ഷകർ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് അതിവേഗത്തില്‍ വന്നുവെന്നും ആശിഷ് തന്റെ വാഹനത്തിന്റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് വെടിയുതിര്‍ത്തെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുന്നതിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയും അതിനുശേഷം കരിമ്പിന്‍ കാട്ടില്‍ ഒളിക്കുകയും ചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ആശിഷ് മിശ്രയെയും പേരറിയാത്ത 15-20 പേരെയും പ്രതി ചേര്‍ത്ത് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അമിതവേഗം, കലാപമുണ്ടാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ട്. അജയ് മിശ്രയുടെ പേര് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ്.യു.വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *