റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

October 6, 2021 - 8:10 am

കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസ്സായിരുന്നു. 06/10/21 ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

കൊവി‍ഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആറുപതിറ്റാണ്ടായി രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു യേശുദാസൻ. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവ്, മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.ജനയുഗം, മലയാള മനോരമ എന്നിങ്ങനെ നിരവധി മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

കേരള കാര്‍ട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്നു യേശുദാസൻ.

ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രത്തിലൂടെ യേശുദാസന്‍ അവതരിപ്പിച്ച കാർട്ടൂണുകളാണ് മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂൺ. വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചതും യേശുദാസനാണ്.

1938 ജൂൺ 12ന് മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് അദ്ദേഹം ജനിച്ചത്.
1963 ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ഡൽഹിയിലെ ശങ്കേഴ്സ് വീക്കിലിയിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച ‘ദാസ്’ കേരളത്തിൽ തിരിച്ചെത്തിയ ശേഷം അന്നത്തെ രാജ്യസഭാംഗമായ സി. അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതൽ ‘ബാലയുഗം’ എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയെടുക്കുകയും ചെയ്തു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, 9-പുരാണകിലാ റോഡ് എന്നിവയാണ് പ്രധാന കൃതികള്‍.

കാര്‍ട്ടൂണുകള്‍ക്ക് പുറമെ, ചില ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും യേശുദാസന് സാധിച്ചിട്ടുണ്ട്. 1984ൽ കെ.ജി. ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണവും, 1992ൽ എ ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ എന്ന ചിത്രത്തിന് തിരക്കഥയും, എഴുതിയത് കാർട്ടൂണിസ്റ്റ് യേശുദാസനാണ്.മേഴ്സിയാണ് ഭാര്യ സാനു വൈ ദാസ്, സേതു വൈ ദാസ്, സുകുദാസ് എന്നിവരാണ് മക്കള്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *