തിരുവനന്തപുരം ; കെഎസ്‌ആര്‍ടിസിയില്‍ അഴിമതിയെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍. കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയ ചീഫ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്‌ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്‌തു. കെഎസ് ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണത്തില്‍ സര്‍ക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദുവില്‍ നിന്ന് ഈടാക്കാനുളള നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആര്‍ ഇന്ദു നടത്തിയ എട്ട് അഴിമതികളും ക്രമക്കേടുകളും ധനകാര്യ പരിശോധനാ വിഭാഗം അക്കമിട്ട് നിരത്തുന്നുണ്ട്.
ഹരിപ്പാട് ഡിപ്പോയില്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് നടത്തിയ നിര്‍മാണത്തിലെ ക്രമക്കേടുകള്‍, തൊടുപുഴ ഡിപ്പോയിലെ യാര്‍ഡ് നിര്‍മാണ കാലാവധി ചട്ടവിരുദ്ധമായി 11മാസം കൂടി നീട്ടി നല്‍കിയ നടപടി, കണ്ണൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമ മുറിയും ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും വരുത്തിയ ഗുരുതരമായ വീഴ്‌ചകള്‍, മുവാറ്റുപുഴ ബസ്റ്റേഷന്‍ യാര്‍ഡ് നവീകരിക്കാന്‍ വേണ്ടത്ര പരിശോധന നടത്താതെ എസ്‌റ്റിമേറ്റ് തയ്യാറാക്കിയും ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുവാദം പോലും വാങ്ങാതെ നിര്‍മാണം തുടങ്ങിയുളള നിരവധി ക്രമക്കേടുകളാണ് റിപ്പോര്‍ട്ടിലുളളത്.
എറണാകുളം ഡിപ്പോയില്‍ ഉപയോഗ ശൂന്യമായ കെട്ടിടം നിര്‍മിച്ചതിലൂടെ മാത്രം 1.39 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുയതായും ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. കരാര്‍ലൈസന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെൻഡറില്‍ പങ്കെടുക്കാന്‍ അനുവദിച്ചതടക്കുളള ക്രമക്കേടുകളും ചീഫ് എഞ്ചനീയറുടെ ഭാഗത്തുനിന്ന് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് എഞ്ചിനീയറെ സസ്‌പെന്റ് ചെയ്യുന്നത് കൂടാതെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയില്‍ ആര്‍ ഇന്ദു നടപ്പിലാക്കി പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളെക്കുറിച്ചുകൂടി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്യന്നു.
