കൊച്ചി: മിസ് കേരള വിജയികളായ രണ്ടു യുവതികളുള്‍പ്പെടെ മൂന്നു പേര് മരിക്കാനിടയായ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ മാള കോട്ടമുറി സ്വദേശി അബ്ദുള്‍ റഹ്മാനെ(25)ആണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
കാര്‍ ഓടിച്ചിരുന്ന മാള വെളുത്തുകടവില് അബ്ദുള്‍ റഹ്മാന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. അപടകരമായ രീതിയില്‍ മദ്യപിച്ച് വാഹനമോടിച്ച് മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയതായാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ ഒന്നോടെ ദേശീയപാതയില്‍ പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. മുന്നിലുള്ള ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. 2019ലെ മിസ് കേരള ആന്‍സി കബീറും (25), മിസ് കേരള റണ്ണര്‍ അപ്പ് ഡോ. അഞ്ജന ഷാജനും (24) അപകടത്തിൽ തത്ക്ഷണം മരിച്ചു.
കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന് കെ.എ. മുഹമ്മദ് അഷിഖ് (25) ആണ് മരിച്ചത്.
