ന്യൂഡല്‍ഹി: സൈനീക സേവനത്തിന് ജീവിതം സമര്‍പ്പിക്കപ്പെട്ട കുടുംബത്തിലെ മൂന്നാം തലമുറക്കാരനായിരുന്നു ബിപിന്‍ റാവത്ത്. 40 വര്‍ഷത്തോളം അദ്ദേഹം രാജ്യത്തെ സേവിച്ചു. മേജര്‍, ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍, ലഫ്റ്റനന്റ് ജനറല്‍, ആര്‍മി കമാന്‍ഡര്‍ എന്നീ സ്ഥാനങ്ങളിലെല്ലാം രാജ്യത്തെ സേവിച്ചപ്പോള്‍ മലനിരകളില്‍ പ്രതിരോധം തീര്‍ക്കുന്നതില്‍ സേനയുടെ മാതൃകയായി മാറി അദ്ദേഹം. പ്രത്യേകിച്ച് കശ്മീരില്‍. തന്ത്ര പ്രധാനമായ ഏറ്റവും ഉയരമുള്ള മലമുകളില്‍ കയറി ഇന്ത്യയെ വെല്ലുവിളിച്ച പാക് പട്ടാളത്തെ ആട്ടിയോടിക്കുന്നതിന് നേതൃത്വം കൊടുത്തു. അതും കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത്. ഈ സമയത്താണ് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യം പിന്‍വാങ്ങാറുള്ളത്. ഇത്തരം അവസരം മുതലെടുത്ത്, ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളെയാണ് സൈനീക മേധാവിയായും സൈനീകനായും അദ്ദേഹം ചെറുത്തിരുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതില്‍ റാവത്തിന്റെ പങ്ക് നിര്‍ണായകമാണ്.
2015ല്‍ മ്യാന്‍മറിലേക്കുള്ള അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷനാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ പ്രധാനപ്പെട്ടതാണ്. എന്‍.എസ്.സി.എന്‍-കെ തീവ്രവാദികളെ പരാജയപ്പെടുത്തുന്നതില്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സൈന്യം വിജയം കൈവരിച്ചിരുന്നു. പാക് അധീന കശ്മീരിലേക്ക് ഇന്ത്യന്‍ സൈന്യം കടന്ന് നടത്തിയ 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ ആസൂത്രണത്തിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മെജര്‍ എന്ന നിലയില്‍, ജമ്മു ആന്‍ഡ് കശ്മീരിലെ ഉറിയില്‍ കമാന്‍ഡറായി സേവനമനുഷ്ടിച്ചു. കേണല്‍ എന്ന നിലയില്‍ കിബിത്തുവിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഈസ്റ്റേണ്‍ സെക്ടറില്‍ അഞ്ചാമത്തെ ബറ്റാലിയന്‍ 11 ഗൂര്‍ഖ റൈഫിള്‍സിന്റെ കമാന്‍ഡറായി പ്രവര്‍ത്തിച്ചു.ബിഗേഡിയര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം, സോപോറിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ 5 സെക്ടര്‍ കമാന്‍ഡറായി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ചാപ്റ്റര്‍-7 ദൗത്യത്തില്‍ മള്‍ട്ടിനാഷണല്‍ ബ്രിഗേഡിന്റെ കമാന്‍ഡിങ് ഓഫിസറായിരിക്കെ റാവത്തിന് രണ്ട് തവണ സേനയുടെ ഔദ്യോഗിക പ്രശംസ ലഭിച്ചു. മേജര്‍ ജനറലിലേക്കുള്ള സ്ഥാനക്കയറ്റം പിന്നീട് 19 ഇന്‍ഫന്‍ട്രി ഡിവിഷന്‍ (ഉറി) കമാന്‍ഡിങ് ജനറല്‍ ഓഫിസര്‍ പദവിയിലെത്തിക്കുകയുണ്ടായി. ലെഫ്റ്റനന്റ് ജനറല്‍ എന്ന നിലയില്‍, പുനെയിലെ സതേണ്‍ ആര്‍മിയെ നയിക്കുന്നതിന് മുമ്പ് ദിമാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നാം കോര്‍പ്സിന്റെ കമാന്‍ഡറായി. 2016 സെപ്റ്റംബര്‍ ഒന്നിന് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് സതേണ്‍ സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. ഒരു ചെറിയ കാലത്തിനു ശേഷം അദ്ദേഹം വൈസ് ചീഫ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2019ലെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ജനറല്‍ റാവത്തിനെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി കമാന്‍ഡിലേക്കും ജനറല്‍ സ്റ്റാഫ് കോളജ് ഇന്റര്‍നാഷണല്‍ ഹാള്‍ ഓഫ് ഫെയിമിലേക്കും ഉള്‍പ്പെടുത്തിയിരുന്നു. നേപ്പാള്‍ സൈന്യത്തിന്റെ ഓണററി ജനറല്‍ കൂടിയാണ് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി.
