റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രോഹിത് ശര്‍മയെ ഏകദിന ടീം നായകനാക്കിയതു കോഹ്ലിയോട് ആലോചിച്ചിട്ടെന്ന് ഗാംഗുലി

December 11, 2021 - 11:38 am

കൊല്‍ക്കത്ത: രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന ടീം നായകനാക്കിയതു വിരാട് കോഹ്ലിയോട് ആലോചിച്ചിട്ടാണെന്നു ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി.കോഹ്ലിയെ പുറത്താക്കിയതാണെന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ ഗാംഗുലി. കോഹ്ലി ട്വന്റി20 ടീമിന്റെ നായകസസ്ഥാനം സ്വയം ഒഴിഞ്ഞതാണെങ്കില്‍ ഏകദിനത്തില്‍ അദ്ദേഹത്തെ പുറത്താക്കിയതാണെന്നായിരുന്നു അഭ്യൂഹങ്ങള്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു നായകന്‍മാരെന്നതു പ്രായോഗികമല്ലാത്തതിനാലാണു ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി കോഹ്ലിയുടെ പിന്‍ഗാമിയെ നിശ്ചയിച്ചതെന്നു ഗാംഗുലി വ്യക്തമാക്കി.

കോഹ്ലിയുമായി ചര്‍ച്ച ചെയ്ത ശേഷമാണു രോഹിതിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി20 നായകനായി രോഹിത് ആദ്യത്തെ പരമ്പര കളിച്ചു കഴിഞ്ഞു. ന്യൂസിലന്‍ഡിനെതിരേ മൂന്നു മത്സരങ്ങളുടെ പരമ്പരയിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. പരമ്പര ഇന്ത്യ തൂത്തുവാരി. ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണു രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ കന്നി ഏകദിന പരമ്പര. നായകനായി വളരെ മികച്ച റെക്കോഡാണ് രാജ്യാന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും രോഹിത് ശര്‍മയ്ക്കുള്ളത്. ഏകദിനത്തില്‍ 10 തവണയാണ് ഹിറ്റ്മാന്‍ ഇന്ത്യയെ നയിച്ചത്. അതില്‍ എട്ടിലും ടീമിനു ജയം നേടിക്കൊടുക്കാനായി. ട്വന്റി20 യില്‍ 22 മത്സരങ്ങളില്‍ ഇന്ത്യയുടെ നായകനായി. അവയില്‍ 18 എണ്ണത്തില്‍ ടീം ജയിച്ചു. 2018 ലെ ഏഷ്യാ കപ്പിലും അതേ വര്‍ഷം നടന്ന നിദാഹാസ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനെ നയിച്ചത് രോഹിത്തായിരുന്നു. വരുന്ന ലോകകപ്പായിരിക്കും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ഇനി കളിക്കാനൊരുങ്ങുന്ന ഏറ്റവും വലിയ ടൂര്‍ണമെന്റ്. ഐ.പി.എല്ലിലേക്കു വന്നാല്‍ 2013 മുതല്‍ മുംബൈ ഇന്ത്യന്‍സ് നായകനാണു രോഹിത്. അഞ്ചു തവണ ടീമിനെ കിരീടത്തിലേക്കു നയിക്കാനും സാധിച്ചു. ഏറ്റവുമധികം തവണ ഐ.പി.എല്‍. ട്രോഫി സ്വന്തമാക്കിയ നായകനെന്ന റെക്കോഡും ഹിറ്റ്മാന്റെ പേരിലാണ്. രോഹിത് ശര്‍മയെ തെരഞ്ഞെടുത്തതു ബോര്‍ഡും സെലക്ടര്‍മാരും സംയുക്തമായെടുത്ത തീരുമാനമാണെന്നു സൗരവ് ഗാംഗുലി വിശദീകരിച്ചിരുന്നു. കോഹ്ലി ഒഴിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ വേണ്ടെന്ന് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം പക്ഷേ സമ്മതിച്ചില്ല. രോഹിത് ശര്‍മയുടെ നേതൃമികവില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നു ഗാംഗുലി വ്യക്തമാക്കി. കോഹ്ലിയെ പുറത്താക്കിയതില്‍ അദ്ഭുതമില്ലെന്നും നേരത്തേ തന്നെ ഉറപ്പായിരുന്നെന്നും മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ബുധനാഴ്ചയാണു സെലക്ഷന്‍ കമ്മിറ്റി ഏകദിന ടീമിന്റെ പുതിയ നാകനായി രോഹിത് ശര്‍മയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ലോകകപ്പിനു ശേഷം കോഹ്ലി ട്വന്റി20 നായകസ്ഥാനം രാജിവച്ചിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും തുടര്‍ന്നും താന്‍ നയിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. 2023 ലെ ഏകദിന ലോകകപ്പ് വരെയെങ്കിലും ഈ ഫോര്‍മാറ്റില്‍ തുടരാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഏകദിനത്തില്‍ ആദ്യമായി നയിച്ച കളിയില്‍ രോഹിത് പരാജയം നേരിട്ടിരുന്നു. 2017 ഡിസംബര്‍ 10 ന് ശ്രീലങ്കയ്‌ക്കെതിരേ ധര്‍മശാലയില്‍ നടന്ന മത്സരത്തിലായിരുന്നു അത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *