മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സ്പെയിന്റെ റാഫേല്‍ നദാലിനു കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായെന്നു താരം ട്വിറ്ററിലൂടെ പുറത്തുവിട്ടു.അബുദാബിയില്‍ കഴിഞ്ഞയാഴ്ച നടന്ന മുബാദല വേള്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് എക്സിബിഷനില്‍ നദാല്‍ പങ്കെടുത്തിരുന്നു. സ്പെയിനില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയിലാണു നദാലിനു രോഗബാധ സ്ഥിരീകരിച്ചത്. കുവൈറ്റിലും അബു ദാബിയിലും നടത്തിയ പരിശോധനകളില്‍ കോവിഡ് നെഗറ്റീവായിരുന്നെന്നു നദാല്‍ പറഞ്ഞു.
35 വയസുകാരനായ നദാല്‍ പരുക്കിനെ തുടര്‍ന്നു കളിക്കളത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഓഗസ്റ്റില്‍ വാഷിങ്ടണില്‍ നടന്ന സിറ്റി ഓപ്പണിലാണു നദാല്‍ അവസാനം പങ്കെടുത്തത്. ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാമിന്റെ സെമി ഫൈനലില്‍ തോറ്റ നദാല്‍ വിമ്പിള്‍ഡണ്‍, ടോക്കിയോ ഒളിമ്പിക്സ്, യു.എസ്. ഓപ്പണ്‍ എന്നിവയില്‍നിന്നു പിന്മാറി. ജനുവരി 17 നു തുടങ്ങുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാമെത്ത പ്രതീക്ഷയിലാണു നദാല്‍.
