ചണ്ഡീഗഡ്: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ട്വിറ്റര്‍ വോട്ടെടുപ്പുമായി കോണ്‍ഗ്രസും. സര്‍വേയില്‍ നിലവിലെ മുഖ്യമന്തി
ചരണ്‍ജിത് സിങ് ചന്നി തന്നെ ഒന്നാമനായി. രാഹുല്‍ ഗാന്ധിയുമായി അടുത്തബന്ധമുള്ള നിഖില്‍ ആല്‍വെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ട്വിറ്റര്‍ സര്‍വേ ആരംഭിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നേരിടണമെന്നു നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത മുഖ്യമന്ത്രിയാകാന്‍ കച്ചമുറുക്കി കാത്തിരിക്കുന്ന ചന്നിയുടെയും സിദ്ദുവിന്റെയും അനുയായികള്‍ ചേരിതിരിഞ്ഞ് പോരടിക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണു കോണ്‍ഗ്രസ് ഇക്കാര്യം ജനങ്ങള്‍ക്കു വിടാന്‍ തീരുമാനിച്ചത്.നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, പി.സി.സി. അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു, മുതിര്‍ന്നനേതാവ് സുനില്‍ സിങ് ഝാക്കര്‍ എന്നവരില്‍ ഒരാളെ, അല്ലെങ്കില്‍ ഇവരാരുമല്ലാത്ത മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാനാണു വോട്ടര്‍മാരോടു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ടെലിഫോണ്‍ സര്‍വേയിലൂടെ ആം ആദ്മി പാര്‍ട്ടി ഭഗവന്ത് സിങ് മാന്‍ എം.പിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തതിന്റെ ചുവടുപിടിച്ചാണു കോണ്‍ഗ്രസ് നീക്കം.
