തിരുവനന്തപുരം: സി.പി.എമ്മിനെ സ്നേഹിക്കുന്നവര്‍ക്കും കെ റെയിലിനെ കുറിച്ച് ആശങ്കയുണ്ടെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അതുകൂടി പരിഹരിച്ചേ മുന്നോട്ടുപോകൂ. പുതിയ ചരിത്രം കേരളത്തിൽ ഉണ്ടാകുന്നു. ഇതുവരെ ഇന്ത്യയിലുണ്ടായ കമ്യൂണിസ്റ്റ് സർക്കാരുകളുടെ പിഴവ് തിരിച്ചറിഞ്ഞു തിരുത്തിക്കൊണ്ടാണ് കേരളത്തിലെ സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ടാം തവണയും ഭരണം കിട്ടിയതിൽ അഹങ്കരിക്കുന്നില്ലെന്നും എം എ ബേബി പറഞ്ഞു. ശാസ്ത്രീയമായ രീതി പിന്തുടർന്നാണ് സമ്മേളനം ചേരുന്നത്.
കോവിഡിനെ എങ്ങനെ നേരിടാം എന്നതിനെ സംബന്ധിച്ച് പല രീതിയിൽ ലോകത്ത് ചർച്ച നടക്കുന്നുണ്ട്. ചിലർ പറയുന്നു സമ്പൂർണ ലോക്ക് ഡൗൺ ആണ് പരിഹാരമെന്ന്. ചിലർ പറയുന്നു മാസ്കും വേണ്ട അടച്ചുപൂട്ടലും വേണ്ടെന്ന്. എന്നാൽ ശാസ്ത്രീയമായ പരിഹാരം വാക്സിനേഷനും പ്രതിരോധവുമാണ്. കേരളമാണ് രാജ്യത്ത് വാക്സിനേഷൻ വിതരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. പരമാവധി ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞെന്നും എം എ ബേബി പറഞ്ഞു.
