കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് 17 റണ്ണിന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചിന് 184 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിന്‍ഡീസിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. നികോളാസ് പൂരന്റെയും (47 പന്തില്‍ ഒരു സിക്സറും എട്ട് ഫോറുമടക്കം 61) റൊമാരിയോ ഷെപ്പേഡ് (21 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമടക്കം 29) എന്നിവരുടെ ബാറ്റിങ് ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടി.
പൂരനെ ശാര്‍ദൂല്‍ ഠാക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചു. ഷെപ്പേഡിനെ ഹര്‍ഷല്‍ പട്ടേല്‍ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചു. ഇന്ത്യക്കായി അരങ്ങേറിയ പേസര്‍ ആവേശ് ഖാന് വിക്കറ്റെടുക്കാനായില്ല. ആവേശിന്റെ നാല് ഓവറില്‍ 42 റണ്ണും വീണു. ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റും വെങ്കടേഷ് അയ്യര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു. സൂര്യകുമാര്‍ യാദവ് (31 പന്തില്‍ ഏഴ് സിക്സറും ഒരു ഫോറുമടക്കം 65), വെങ്കടേഷ് അയ്യര്‍ (19 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 35) എന്നിവരുടെ വെടിക്കെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ (31 പന്തില്‍ അഞ്ച് ഫോറുകളടക്കം 34), ശ്രേയസ് അയ്യര്‍ (16 പന്തില്‍ 25) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് (നാല്), നായകന്‍ രോഹിത് ശര്‍മ (ഏഴ്) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്ന് പരമ്പരകളുടെ പരമ്പര ഇന്ത്യ 2-0 ത്തിനു സ്വന്തമാക്കിയിരുന്നു. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കെയ്റോണ്‍ പൊള്ളാഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു.
ഇഷാനൊപ്പം ഋതുരാജിനെ ഓപ്പണറായി പരീക്ഷിച്ചു. ഋതുരാജിനെ ജാസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ കെയ്ല്‍ മായേഴ്സ് പിടികൂടി. ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്ണായിരുന്നു. കിഷനും ശ്രേയസും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 53 റണ്‍ നേടി.അയ്യര്‍ പുറത്തായി തൊട്ടടുത്ത ഓവറില്‍ ഇഷാന്‍ കിഷനെയും നഷ്ടമായി. നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും ചേര്‍ന്ന് 27 റണ്‍ നേടി. അഞ്ചാം വിക്കറ്റില്‍ 91 റണ്ണാണു സൂര്യകുമാറും വെങ്കിടേഷ് അയ്യരും ചേര്‍ന്നു നേടിയത്.
