കൊച്ചി: സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന തുടരണം എന്നാവശ്യപ്പെട്ട് എറണാകുളം ബിഷപ്‌സ് ഹൗസിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം. ജനാഭിമുഖ കുർബാന തുടരണം എന്നാവശ്യപ്പെട്ട് മറുവിഭാഗവും എത്തി. ഇവർ തമ്മിൽ ചെറിയതോതിൽ വാക്കേറ്റവുമുണ്ടായി. പോലീസ് ഇടപെട്ടതുകൊണ്ടാണ് ഇവർ തമ്മിലുള്ള വാക്കേറ്റം വലിയ സംഘർഷത്തിലേക്ക് പോകാതിരുന്നത്. ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതിന് ഈസ്റ്റർ വരെ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയ പരിധിക്കുള്ളിൽ എല്ലാ ദേവാലയങ്ങളിലേക്കും ഏകീകൃത കുർബാന ക്രമം കൊണ്ടുവരുകയെന്നതാണ് സിനഡിന്റെ തീരുമാനം.
മൂന്നുതരം കുർബാനരീതികളാണ് സിറോ മലബാർ സഭയിലുള്ളത്. വൈദികൻ പൂർണമായും ജനങ്ങളെ അഭിമുഖീകരിച്ചു നിൽക്കുന്ന വിധത്തിലുളള രീതിയാണ് ഒന്ന്. എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളിൽ ഈ രീതിയാണ് തുടര്‍ന്നുവരുന്നത്. വൈദികൻ മുഴുവൻസമയവും അൾത്താരാഭിമുഖമായി നിൽക്കുന്നതാണ് രണ്ടാമത്തെ രീതി. ചങ്ങനാശ്ശേരി അതിരൂപതയിൽ ഈ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോർമുയാണ് മൂന്നാമത്തേത് കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലാണ് ഈ രീതി അംഗീകരിച്ചിരിക്കുന്നത്.
1999-ലെ സിനഡാണ് ഏകീകരണ ഫോർമുലയായ 50:50 നിർദേശിച്ചത്. വിവിധ രൂപതകൾ ഇതിൽ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടർന്നു. അടുത്തിടെ ചേർന്ന സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുർബാന തുടരുന്ന സ്ഥലങ്ങളിൽനിന്ന് എതിർപ്പുണ്ടായത്.
