കൊച്ചി : വധ ഗൂഡാലോചന കേസ് പ്രതി നടന്‍ ദിലീപിന്റെ ഐഫോണുകളില്‍ നിന്ന് വിവരങ്ങള്‍ നീക്കം ചെയ്‌ത സൈബര്‍ വിദഗ്‌ദനും തട്ടിപ്പുകേസ് പ്രതിയുമായ സായ്‌ശങ്കറിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവന്നു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരാതികളെത്തിയത്. വന്‍തുക തട്ടിയെന്നാണ് പരാതികളെല്ലാം.
സായ് ശങ്കറിന്റെ ഐടി ബിസിനസ് വികസിപ്പിക്കാന്‍ കോഴിക്കോട് സ്വദേശി മില്‍ഹജില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെന്ന കേസിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആ പണം തിരികെ ചോദിച്ചപ്പോള്‍ വീഡിയോ കാള്‍ വിളിച്ച കൈത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
ചെന്നൈ വിമാനത്താവളത്തിലെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥര്‍ തന്റെ അടുത്ത സുഹൃത്താണെന്നും ഡിആര്‍ഐ പിടികൂടുന്ന കളളക്കടത്തുസാധനങ്ങള്‍ സ്വകാര്യ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സഹായിക്കാമെന്നും പറഞ്ഞ് സായ് ശങ്കര്‍ പണം വാങ്ങിയെന്നാണ് പരാതി.
