റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താജ്മഹലിന്റെ പൂട്ടിയിട്ട മുറികൾ തുറക്കണമെന്ന ആവശ്യം : പൊതുതാൽപര്യ ഹർജി സംവിധാനത്തെ പരിഹസിക്കരുതെന്ന് ഹൈക്കോടതി

May 13, 2022 - 8:27 am

ലഖ്നൗ: താജ്മഹലിന്റെ പൂട്ടിയിട്ട 22 മുറികൾ തുറക്കണമെന്നും സ്മാരകത്തിന്റെ ചരിത്രം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായയും സുഭാഷ് വിദ്യാർത്ഥിയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പൊതുതാൽപര്യ ഹർജി സംവിധാനത്തെ പരിഹസിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. ബിജെപി അയോധ്യ മാധ്യമ വിഭാ​ഗം തലവൻ രജനീഷ് സിങ്ങാണ് ഹർജി നൽകിയത്.

നാളെ നിങ്ങൾ വന്ന് ഞങ്ങളോട് ജഡ്ജിമാരുടെ ചേംബറിൽ പോകാൻ ആവശ്യപ്പെടുമോയെന്നും കോടതി ചോദിച്ചു. കോടതിയിൽ ഇത്തരം ചർച്ചകൾ സ്വാഗതാർഹമല്ല. ഡ്രോയിംഗ് റൂമിൽ ഈ പ്രശ്നം ചർച്ച ചെയ്യാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ വിഷയങ്ങളിൽ ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടോ. ഈ പ്രശ്നങ്ങൾ ചരിത്രകാരന്മാർക്ക് വിടണമെന്നും കോടതി വ്യക്തമാക്കി. സംശയമുണ്ടെങ്കിൽ പോയി ഗവേഷണം ചെയ്യുക. എംഎ, പിഎച്ച്ഡി ചെയ്യുക. ഈ വിഷയത്തിൽ ഗവേഷണം നടത്താൻ ഏതെങ്കിലും സ്ഥാപനം നിങ്ങളെ അനുവദിക്കുന്നി ല്ലെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വരൂവെന്നും അപ്പോൾ പരിഹരിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഈ പരാതിക്കാരൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രം​ഗത്തെത്തിയിരുന്നു. ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു. താജ്മഹൽ നിൽക്കുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടു. ജയ്പൂർ രാജകുടുംബത്തിലെ അംഗമാണ് എംപി. താജ്മഹലിലെ 20 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകണമെന്നും എംപി ആവശ്യപ്പെട്ടു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *