റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.റെയില്‍: എന്തിനായിരുന്നു ഇത്രയും കോലാഹലങ്ങളെന്ന്‌ ഹൈക്കോടതി

May 25, 2022 - 10:11 am

കൊച്ചി : കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുവേണ്ടിയുളള സര്‍വേ സമാധാനപരമായി നടത്താമായിരുന്നെന്നും എന്തിനാണ്‌ ഇത്രയും കോലഹലങ്ങള്‍ ഉണ്ടാക്കിയതെന്നും സര്‍ക്കാരിനോട്‌ ഹൈക്കോടതി. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ്‌ എന്തിനാണ്‌ ഭൂമി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയമിച്ചതെന്നും കോടതി ചോദിച്ചു. കെ.റെയില്‍ എന്നെഴുതി കല്ലുകളിടുന്നതിനെതിരെ കോട്ടയം സ്വദേശി മുരളി കൃഷ്‌ണന്‍ ഉള്‍പ്പെടയുളളവര്‍ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രനാണ്‌ ഇക്കാര്യങ്ങള്‍ ചോദിച്ചത്‌. കല്ലിടുന്നതെന്തിനാണെന്നാണ്‌ കോടതി ആദ്യം മുതല്‍ ചോദിക്കുന്നത്‌. കല്ലുകളിട്ടതോടെ സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ധാരണ ഉണ്ടായി പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിക്കുന്നതിനുപോലും ഇത്‌ തടസമായി.

സാമൂഹികാഘാത പഠനം വലിയ സാമൂഹികാഘാതം ഉണ്ടാക്കുന്ന സ്ഥിതിയായതോടെയാണ്‌ കോടതിക്ക്‌ ഇടപെടേണ്ടി വന്നത്‌. അതോടെ കോടതി സര്‍ക്കാരിനെതിരാണെന്ന പ്രചാരണമുണ്ടായി. ഇത്‌ നിര്‍ഭാഗ്യകരമാണ്‌. അയല്‍ സംസ്ഥാനങ്ങളില്‍ ആറുവരി പാതകള്‍ നിലവില്‍ വന്നുകഴിഞ്ഞു. ഇവിടെ എറണാകുളത്തുനിന്നു തിരുവനന്തപുരത്ത്‌ എത്താന്‍ കാറില്‍ എട്ടുമണിക്കൂര്‍ എടുക്കും. ഇതുമാറി വേഗത്തിലെത്തേണ്ടത്‌ ആവശ്യമുളള കാര്യമാണ്‌.

പോര്‍വിളികളോടെയല്ല പദ്ധതി നടപ്പാക്കേണ്ടതെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണമെന്നും കോടതി വ്യക്തമാക്കി. നിയമ പ്രകാരം നടപ്പിലാക്കുന്ന ഒരു പദ്ധതിയും നിര്‍ത്തിവെക്കേണ്ടി വരില്ലെന്നും കോടതി പറഞ്ഞു. വലിയ കല്ലുകള്‍ സ്ഥാപിക്കുന്നത്‌ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്‍രെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി അനുകൂല ഉത്തരവ്‌ വാങ്ങിയിരുന്നു. സാമൂഹികാഘാത പഠനം തടയരുതെന്ന്‌ സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചു.

പിന്നീട്‌ എതിര്‍പ്പുളള സ്ഥലങ്ങളില്‍ ജിയോ ടാഗ്‌ വഴി സര്‍വേനടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഇക്കാര്യം ഇന്നലെ കോടതിയെ അറിയിക്കുകയും ചെയ്‌തു. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന്‌ അഭിപ്രയപ്പെട്ട സിംഗിള്‍ ബെഞ്ച്‌ ഹര്‍ജികള്‍ ജൂണ്‍ രണ്ടിന്‌ പരിഗണിക്കാന്‍മാറ്റി.

കെ.റെയില്‍ എന്നെഴുതിയ കല്ലുകള്‍ സ്ഥാപിക്കുന്നത്‌ തടഞ്ഞ കോടതി വിധി മറികടക്കാന്‍ സര്‍വേ ഡയറക്ടര്‍ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയതില്‍ ഹൈക്കോടതി വിശദീകരണം തേടി. കോടതി ഉത്തരവ്‌ മറികടക്കാന്‍ എന്തുമാകാമെന്നാണ്‌ ചില ഉദ്യോഗസ്ഥരുടെ ധാരണ .സിംഗിള്‍ ബെഞ്ചിനുമേല്‍ ഡിവിഷന്‍ ബെഞ്ചും സുപ്രീം കോടതിയും ഉണ്ടെന്നാണ്‌ ഇവര്‍ പറയുന്നത്‌. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *