ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലക്ക് ഡല്‍ഹി സി.ബി.ഐ. കോടതി നാലുവര്‍ഷം ജയില്‍ ശിക്ഷയും 50 ലക്ഷം രൂപ പിഴയും വിധിച്ചു. 1993 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ആറുകോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. കേസ് അന്വേഷിച്ച സി.ബി.ഐ. പരമാാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്റെ പ്രായവും രോഗവും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു ചൗട്ടാലയുടെ ആവശ്യം. വരവില്‍ക്കവിഞ്ഞ സ്വത്തിന്റെ ഉറവിടം തെളിയിക്കുന്നതില്‍ പരാജയപ്പെട്ട ചൗട്ടാല കുറ്റക്കാരനാണെന്നു സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി വികാസ് ധള്‍ കഴിഞ്ഞാഴ്ച വിധിച്ചിരുന്നു. സി.ബി.ഐയുടെ എഫ്.ഐ.ആര്‍. അനുസരിച്ച് ചൗട്ടാല ഹരിയാന മുഖ്യമന്ത്രിയായിരുന്ന 1999 മുതല്‍ 2005 വരെയുള്ള കാലളവില്‍ കുടുംബാംഗങ്ങളും മറ്റുള്ളവരുമായി ഒത്തുകളിച്ച് തന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും 1467 കോടി രൂപയിലേറെയാണ് സമ്പാദിച്ചത്.
ഈ പണം രാജ്യത്തുടനീളം നിരവധി പ്രദേശങ്ങളില്‍ ഭൂമി വാങ്ങിയും വലിയ കെട്ടിടങ്ങള്‍ നിര്‍മിച്ചും, ആഢംബരവസതികള്‍, ഹോട്ടലുകള്‍, ഫാംഹൗസുകള്‍, ബിസിനിസ് ഏജന്‍സികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ പണിതും വിദേശരാജ്യങ്ങളില്‍ നിക്ഷേപത്തിനായും വിനിയോഗിച്ചുവെന്നും എഫ്.ഐ.ആര്‍ പറയുന്നു. കുറ്റപത്രത്തില്‍ പറയുന്നത് തന്റെ പ്രഖ്യാപിത വരുമാനത്തേക്കാള്‍ 189.11 ശതമാനം കൂടുതല്‍, അതായത് 6.09 കോടി രൂപയുടെ സ്ഥാവര, ജംഗമ സ്വത്തുക്കള്‍ ചൗട്ടാലയുടെ പേരില്‍ ഉണ്ടെന്നാണ്. ഈ കുറ്റപത്രം കൂടാതെ എഫ്.ഐ.ആര്‍. അടിസ്ഥാനമാക്കി ചൗട്ടാലയുടെ മക്കളായ അഭയ് സിങ് ചൗട്ടാല, അജയ് സിങ് ചൗട്ടാല എന്നിവരടക്കമുള്ളവരെ പ്രതികളാക്കി സി.ബി.ഐ. വേറെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലുള്ള വിചാരണ തുടരുകയാണ്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവായ ചൗട്ടാല, ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ്. കഴിഞ്ഞ വര്‍ഷം ജൂെലെയിലാണ് മറ്റൊരു അഴിമതിക്കേസില്‍ 10 വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് ചൗട്ടാല പുറത്തിറങ്ങിയത്. ഹരിയാനയില്‍ 1999-2000 കാലഘട്ടത്തില്‍ 3206 ജൂനിയര്‍ അധ്യാപകരെ നിയമിച്ചതിലെ അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് ചൗട്ടാലയ്ക്കും മറ്റ് 53 പേര്‍ക്കുമെതിരേ കേസെടുത്തത്. 2013ല്‍ ഡല്‍ഹി കോടതി ചൗട്ടാലയെയും മകന്‍ അജയ് സിങ്ങിനെയും 10 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് വിധിച്ചിരുന്നു.
