ലണ്ടന്‍: ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീ(64)യുടെ ഹിന്ദി നോവല്‍ റേത് സമാധിയുടെ പരിഭാഷയായ ടോമ്പ് ഓഫ് സാന്‍ഡിന് ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്‌കാരം. ആദ്യമായാണ് ഇന്ത്യന്‍ ഭാഷയില്‍നിന്നുള്ള രചന ഈ പുരസ്‌കാരം നേടുന്നത്. ഡെയ്സി റോക്വെലാണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. 50,000 പൗണ്ട്(ഏകദേശം 49.05 ലക്ഷം രൂപ)യാണു പുരസ്‌കാരത്തുക. സമ്മാനം ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്വെലും പങ്കുവയ്ക്കും. ഇന്ത്യ – പാക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന വയോധിക പാകിസ്താനിലേക്കു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതാണ് റേത് സമാധിയുടെ ഇതിവൃത്തം. ഉത്തര്‍പ്രദേശില്‍ ജനിച്ച ഗീതാഞ്ജലി ശ്രീ ന്യൂഡല്‍ഹിയിലാണു താമസം. 2018ലാണ് ‘റേത് സമാധി’ പുറത്തിറങ്ങിയത്. ഇം ിഷിനു പുറമേ ഫ്രഞ്ച്, ജര്‍മന്‍, സെര്‍ബിയന്‍, കൊറിയന്‍ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1987ല്‍ പ്രസിദ്ധീകരിച്ച ബേല്‍ പത്രയാണ് ഗീതാഞ്ജലിയുടെ ആദ്യ കഥ. 2000ല്‍ പുറത്തിറങ്ങിയ മായ ആണ് ആദ്യനോവല്‍. 135 പുസ്തകങ്ങളില്‍നിന്നാണ് ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ബുക്കര്‍ സമിതി തയാറാക്കിയത്. ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി യു.കെയിലോ അയര്‍ലന്‍ഡിലോ പ്രസിദ്ധീകരിച്ച കൃതികളില്‍നിന്നാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്‌കാര ജേതാവിനെ കണ്ടെത്തുന്നത്.
