അരൂർ: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേർക്ക് പരിക്ക് .പരിക്കേറ്റവരിൽ ഒരാൾ ഡിവൈഎഫ്ഐ ഭാരവാഹിയാണ്.സംഭവത്തെ തുടർന്ന് 05/06/22 വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി.
എഐഎസ്എഫ്. സംസ്ഥാന സമിതിയംഗം വിഎൻ അൽത്താഫ്, മേഖലാ സെക്രട്ടറി കെപി അനീഷ്, എസ്എഫ്ഐ. അരൂർ ഏരിയാ സെക്രട്ടറി കെജെ.ജയകൃഷ്ണൻ, പ്രസിഡന്റ് അമൽ ബിജു, ഏരിയാക്കമ്മിറ്റിയംഗം യദുകൃഷ്ണൻ,ചന്തിരൂർ മേഖലാ സെക്രട്ടറി വി.ജെ ആദർശ്, ഡിവൈഎഫ്ഐ ചന്തിരൂർ മേഖലാസെക്രട്ടറി കെബി ബിപിൻ എന്നിവർക്കാണ് പരിക്ക്. അൽത്താഫും അനീഷും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. തലക്കടിയേറ്റ അൽത്താഫിനെ സിടി സ്‌കാനിംഗിന് വിധേയനാക്കി.
എസ്എഫ് ഐ-ഡവൈഎഫ്ഐ പ്രവർത്തകർ എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതിൽ ബിപിന് കൈക്ക് പൊട്ടലുണ്ട്. സ്‌കൂൾ തുറക്കുന്ന ദിവസം ചന്തിരൂർ സ്‌കൂളിന് മുന്നിൽ സ്ഥാപിച്ച എസ്എഫ്ഐയുടെ കൊടിമരം ഒടിച്ചതിനെ തുടർന്നായിരുന്നു തർക്കം ആരംഭിച്ചത്. ഈ വിഷയം ചർച്ചചെയ്ത സിപിഎം-സിപിഐ നേതാക്കൾ ചില ധാരണയിൽ പ്രശ്‌നം ഒതുക്കിതീർത്തിരുന്നു. ഒടിച്ച കൊടിമരത്തിന് പകരം പുതിയ കൊടിമരം നൽകാമെന്നതായിരുന്നു പ്രധാന ഒത്തുതീർപ്പ്.
പരിസ്ഥിതി ദിനത്തിൽ സ്‌കൂളിന് മുന്നിൽ തൈകൾ നടുന്നതിനായി എസ്എഫ്ഐയും എഐഎസ്എഫ്. പ്രവർത്തകരും എത്തി. എന്നാൽ ധാരണ പ്രകാരമുള്ള കൊടിമരം സ്ഥാപിക്കാതെ പൂന്തോട്ടം ഒരുക്കുവാൻ കഴിയില്ലെന്ന നിലപാട് എസ്എഫ്ഐ പ്രവർത്തകർ സ്വീകരിച്ചതോടെ തർക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുടേയും പരാതികളിൽ അരൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റവരുടെ മൊഴികളും രേഖപ്പെടുത്തി.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എരമല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകനവും സമ്മേളനവും നടത്തി. ലോക്കൽ സെക്രട്ടറി രാജൻ ജോസഫ്, മണ്ഡലം കമ്മിറ്റിയംഗം എസ് അശോക് കുമാർ, ജയിജൻ ജോയ് തുടങ്ങിയവർ നേതൃത്വം നൽകി. എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതൃത്വത്തിലും പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. എസ്എഫ്ഐ അരൂർ ഏരിയാ സെന്ററംഗം നന്ദു സുരേഷ്, ഡിവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് വികെ. സൂരജ്, മേഖലാ പ്രസിഡന്റ് രാഹുൽ പിപി, ട്രഷറർ എം.സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി
