മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും സംസ്ഥാന ന്യൂനപക്ഷകാര്യമന്ത്രി നവാബ് മാലിക്കും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമസഭാംഗങ്ങളായ ഇരുവരും കള്ളപ്പണക്കേസില്‍ റിമാന്‍ഡിലാണ്. ജൂൺ 10 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഒരു ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന ആവശ്യം പ്രത്യേകകോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.ജനപ്രാതിനിധ്യ നിയമപ്രകാരം, ജയിലില്‍ കഴിയുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വാദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് എന്‍ഫോഴ്സ്മെന്റ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 23 നാണ് നവാബ് മാലിക്ക് അറസ്റ്റിലായത്.
