കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ തീരുമാനങ്ങളെടുത്തത് ക്ലിഫ് ഹൗസിലാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പദ്ധതിക്ക് വേണ്ടി ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചു കമ്മിഷൻ വാങ്ങിയെന്ന കേസിൽ സിബിഐയുടെ ഒന്നാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണു പ്രതികരണം. ഇത്തരം രഹസ്യ ചർച്ചകളെല്ലാം രാത്രി ഏഴു മണിക്ക് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണ് നടത്തിയിരുന്നത്. യുഎഇ കോൺസൽ ജനറലിനൊപ്പം താനും ഇത്തരം ചർച്ചകളിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്കൊപ്പം എം.ശിവശങ്കറും ചർച്ചകളിൽ പങ്കെടുത്തു.
പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത് സെക്രട്ടറിയറ്റിലാണെങ്കിലും ഉദ്യോഗസ്ഥതലത്തിലെടുത്ത പല തീരുമാനങ്ങളും ക്ലിഫ് ഹൗസിലെ രഹസ്യചർച്ചകൾക്ക് ശേഷം മാറ്റിയിരുന്നു. ഈ പദ്ധതിയുടെ കരാർ യൂണിടാക് കമ്പനിക്കു നൽകിയതിന് എം.ശിവശങ്കറിനു കോഴയായി ലഭിച്ച ഒരു കോടി രൂപയാണ് തന്റെയും ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലെടുത്ത ബാങ്ക് ലോക്കറിൽ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും സിബിഐക്കു കൈമാറിയതായും 21നു ചോദ്യം ചെയ്യൽ തുടരുമെന്നും സ്വപ്ന പറഞ്ഞു. വടക്കാഞ്ചേരി പദ്ധതിക്ക് ശേഷം കേരളത്തിൽ ലൈഫ് മിഷന്റെ ഭാഗമായി നടക്കുന്ന മറ്റു നിർമാണ കരാറുകളും യൂണിടാക്കിന് നൽകാൻ ശിവശങ്കർ തീരുമാനിച്ചിരുന്നതായും സ്വപ്ന വെളിപ്പെടുത്തി.
