റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശരാജ്യങ്ങളില്‍ ഭരണകൂട അട്ടിമറി നടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് യു.എസ്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

July 14, 2022 - 12:37 pm

വാഷിങ്ടണ്‍: മറ്റുരാജ്യങ്ങളില്‍ ഭരണകൂട അട്ടിമറി നടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. എന്നാല്‍ 2021ല്‍ യു.എസ്. ക്യാപിറ്റോള്‍ ഹില്ലിലുണ്ടായ കലാപം അത്തരത്തിലുള്ളതല്ലെന്നും ബോള്‍ട്ടണ്‍ സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.2018-2019 കാലയളവില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ബോള്‍ട്ടന്‍. ഏതൊക്കെ രാജ്യങ്ങളുടെ ഭരണം അട്ടിമറിക്കാനാണ് ഇടപെട്ടതെന്ന് വ്യക്തമാക്കിയില്ലെങ്കിലും അധികാരത്തിലിരിക്കേ ബോള്‍ട്ടണ്‍ വെനസ്വേലയില്‍ സൈനിക ഇടപെടല്‍ ഉപദേശിച്ചിരുന്നു.ജനുവരി ആറിനുണ്ടായ ക്യാപിറ്റോള്‍ ആക്രമണം അമേരിക്കയുടെ ജനാധിപത്യത്തിനു നേര്‍ക്കുണ്ടായ ആക്രമണമല്ലെന്നാണ് ബോള്‍ട്ടണ്‍ വാദിക്കുന്നത്. അത് ട്രംപിന് നിലനില്‍ക്കാനായി സമയം നീട്ടിവാങ്ങാനുള്ള നീക്കമാണെന്നും ബോള്‍ട്ടണ്‍ പറയുന്നു. ക്യാപിറ്റോളില്‍ കലാപകാരികളെ നിരത്തിയത് ട്രംപാണ്. അതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അതു ഭരണഘടന അട്ടിമറിക്കാനല്ല. അതു സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വിഷയം തിരികെയെത്തി സമയം നീട്ടിവാങ്ങാനാണെന്നും ബോള്‍ട്ടണ്‍ പറഞ്ഞു.

1980ല്‍ റോണള്‍ഡ് റീഗന്റെ കാലം മുതല്‍ മൂന്ന് യു.എസ്. പ്രസിഡന്റുമാരുടെ കീഴില്‍ യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസ് ആന്‍ഡ് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ച ആളാണ് ബോള്‍ട്ടണ്‍. ഇറാഖിലെ യു.എസ്. അധിനിവേശത്തിനുവേണ്ടി വാദിച്ചയാളും ഇറാനിലും ഉത്തരകൊറിയയിലും ബോംബാക്രമണം നടത്തണമെന്ന നിലപാട് ഉന്നയിച്ച ആളുമാണ് ബോള്‍ട്ടണ്‍. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ക്യാപിറ്റോള്‍ കലാപത്തില്‍ ട്രംപിന്റെയും അനുയായികളുടേയും പങ്ക് കണ്ടെത്തുന്നതിനായുള്ള കോണ്‍ഗ്രസ് സമിതിയുടെ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ബോള്‍ട്ടണ്‍ന്റെ അഭിപ്രായം പുറത്തുവരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *