പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റിന്‍ഡീസിന്റെ ഓപ്പണര്‍ ഷായ് ഹോപ്പിന് നൂറാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ചുറി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിലാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഹോപ്പ് (135 പന്തില്‍ മൂന്ന് സിക്സറും എട്ട് ഫോറുമടക്കം 115) സെഞ്ചുറിയുമായി തിളങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്ണെടുത്തു. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നികോളാസ് പൂരാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കെയ്ല്‍ മായേഴ്സും (23 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 39) ഹോപ്പും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 65 റണ്ണെടുത്തു. ഷാംറ ബ്രൂക്സ് (36 പന്തില്‍ 35), പൂരാന്‍ (77 പന്തില്‍ ആറ് സിക്സറും ഒരു ഫോറുമടക്കം 74), റോവ്മാന്‍ പവല്‍ (13) എന്നിവരും ഹോപ്പിനു മികച്ച പിന്തുണ നല്‍കി. ബ്രാണ്ടന്‍ കിങ് (0) മാത്രമാണു മുന്‍നിരയില്‍ നിരാശപ്പെടുത്തിയത്.ഇന്ത്യക്കു വേണ്ടി ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റെടുത്തു. യുവ പേസര്‍ ആവേശ് ഖാന്‍ രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറി. പ്രസിദ്ധ കൃഷ്ണയ്ക്കു പകരമാണ് ആവേശ് ഖാന്‍ കളിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ആവേശ് ഇന്ത്യക്കു വേണ്ടി ഒന്‍പത് ട്വന്റി20 കളിലായി എട്ട് വിക്കറ്റെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരേ കൊല്‍ക്കത്തയിലായിരുന്നു ട്വന്റി20 അരങ്ങേറ്റം. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റെടുക്കാനായില്ല. 42 റണ്ണും വഴങ്ങി. വിന്‍ഡീസ് പരുക്കേറ്റ ഇടംകൈയന്‍ സ്പിന്നര്‍ ഗുദാകേശ് മോതിക്കു പകരം ലെഗ് സ്പിന്നര്‍ ഹെയ്ഡന്‍ വാല്‍ഷ് ജൂനിയറിനെ ഉള്‍പ്പെടുത്തി.
