കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും അംഗീകരിക്കുന്ന തരത്തിലുള്ള ശുചിത്വ കേരളം നാലു വര്‍ഷത്തിനകം സാധ്യമാകാന്‍ ആവശ്യമായ എല്ലാ നടപടികളും നഗരസഭകളും കോര്‍പറേഷനുകളും സ്വീകരിക്കണമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നഗരസഭ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ എന്റെ നഗരം, ശുചിത്വ നഗരം മധ്യമേഖല ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ശുചിത്വ കേരളം പ്രാവര്‍ത്തികമാക്കാതെ മുന്നോട്ടുപോക്ക് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.
കൊച്ചി നഗരത്തിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കാണു സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. കൊച്ചി വൃത്തിയാവാതെ കേരളം വൃത്തിയാവില്ല എന്നതാണ് വസ്തുത. ഇതോടൊപ്പം മറ്റു നഗരസഭകളും കോര്‍പറേഷനുകളും പദ്ധതികള്‍ നടപ്പാക്കണം. പദ്ധതികള്‍ ആരംഭിക്കുന്നതിനൊപ്പം എന്നു പൂര്‍ത്തിയാക്കുമെന്ന ഹ്രസ്വ കാല, ദീര്‍ഘ കാല തീരുമാനങ്ങള്‍ ഉണ്ടാകണം. നാലു വര്‍ഷംകൊണ്ട് പദ്ധതികളുടെ പൂര്‍ത്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ രണ്ടുവര്‍ഷത്തിനകം ശുചിത്വ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രായോഗിക തലത്തിലുള്ള ഇടപെടലുകളും കാര്യശേഷിയും കാഴ്ചപ്പാടും അതിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്‌കരണ പദ്ധതികളില്‍ ജനകീയ വികാരങ്ങള്‍ മനസിലാക്കണം. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ പദ്ധതികളാണു നാടിന് ആവശ്യം. പദ്ധതികള്‍ ജനനന്മയ്ക്കുള്ളതാണെന്ന് പൊതു ജനങ്ങളെ മനസിലാക്കണം. ആശാസ്ത്രീയമായ മാലിന്യ സംസ്‌കരണ പദ്ധതികളാണ് ജനങ്ങളുടെ എതിര്‍പ്പിന് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം സാമൂഹിക ശുചിത്വത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്ത അവസ്ഥയാണുള്ളത്. അവബോധമില്ലായ്മയാണ് അതിനു കാരണം. ലോകം കാണുന്നവര്‍ കേരളം കാണണമെന്ന് പറയുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്‌കരണ പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. അമൃത് പദ്ധതി വഴിയും ലോകബാങ്കിന്റെ ധനസഹായം വഴിയും സ്വച്ഛ ഭാരത്, ശുചിത്വ മിഷന്‍ പദ്ധതികള്‍ വഴിയും ആവശ്യമായ ധനസമാഹാരണം നടത്താന്‍ സാധിക്കും. ഹരിത കര്‍മ സേനകളുടെ സഹായത്തോടെ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനി ഉള്‍പ്പടെയുള്ളവരുടെ സഹായത്തോടെ പുന:രൂപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. വലിയ മാലിന്യ കൂമ്പാരങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ടി. ജെ വിനോദ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍സ് സെക്രട്ടറി എം.ഒ ജോണ്‍, ചെയര്‍മാന്‍ കൃഷ്ണദാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ.വിജയന്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാലഭാസ്‌കര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ പി. എച്ച് ഷൈന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്ര പാര്‍പ്പിട, നഗരകാര്യ വകുപ്പ് ഡെപ്യൂട്ടി അഡൈ്വസര്‍ രോഹിത് കക്കാര്‍, അസിസ്റ്റന്റ് അഡൈ്വസര്‍ ശ്രാവന്തി ജീവന്‍ എന്നിവര്‍ സ്വച്ഛ് ഭാരത് മിഷന്റെ വിവിധ പദ്ധതികള്‍ വിശദീകരിച്ചു. തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ മേയര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.
