റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളം ആരോഗ്യ പരിപാലനത്തില്‍ ലോകോത്തര മാതൃക: മന്ത്രിപി.രാജീവ്

July 25, 2022 - 9:02 pm

ബ്ലോക്ക്തല ആരോഗ്യമേളകള്‍ക്ക് തുടക്കമായി

കേരളം ആരോഗ്യപരിപാലനത്തില്‍ ലോകോത്തര മാതൃകയാണെന്നും ഇതില്‍ ഏറ്റവും പ്രധാനമായതു താഴെ തട്ടിലുള്ള സംവിധാനങ്ങളാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേളയുടെ ജില്ലാതല ഉദ്ഘാടനം ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സമൂഹത്തിന് ആവശ്യമായ സംവിധാനങ്ങള്‍ വര്‍ധിക്കുന്തോറും ജീവിത ശൈലീരോഗങ്ങളും അതോടൊപ്പം പുതിയ സ്വഭാവങ്ങളിലുള്ള രോഗങ്ങളും വര്‍ധിക്കുന്നതിനാലും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും സാമൂഹ്യ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
മണ്ഡലത്തിലെ ഒപ്പം ക്യാമ്പില്‍ ഏഴായിരം പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും എല്ലാ വര്‍ഷവും ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ എന്നിവരെ മന്ത്രി പ്രത്യേകം പ്രശംസിച്ചു. വീടുകള്‍ കയറി ഇറങ്ങി ഇവര്‍ നടത്തുന്ന സേവനങ്ങള്‍ രോഗനിര്‍ണയത്തിനും രോഗി പരിചരണത്തിനും ഏറെ സഹായകരമാണ്. ഇത്തരം പദ്ധതികള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയണമെന്നും മണ്ഡലത്തില്‍ തിമിരംമൂലം കഷ്ടപ്പെടുന്ന ആരുംതന്നെ ഉണ്ടാകരുതെന്നും അതിനായുള്ള ക്യാമ്പുകള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മെഡിസെപ് പോലുള്ള മറ്റു സഹായ പദ്ധതികളും ഇന്‍ഷുറന്‍സ് പദ്ധതികളെയും പറ്റി മനസിലാക്കാന്‍ ഇത്തരം ആരോഗ്യ മേളകള്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ആരോഗ്യമേഖലയിലെ വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബ്ലോക്ക്തലത്തില്‍ ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സി.എച്ച്.സി വരാപ്പുഴയുടെയും നേതൃത്വത്തിലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധാകൃഷ്ണന്‍, എലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.ഡി സുജില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം മനാഫ്, ശ്രീലത ലാലു, സുരേഷ് മുട്ടത്തില്‍, കൊച്ചുറാണി ജോസഫ്,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.വി.ജയശ്രീ, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.സജിത്ത് ജോണ്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മൃത്യുഞ്ജയം എലിപ്പനി നിയന്ത്രണ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ബോധവത്കരണ പോസ്റ്റര്‍, വരാപ്പുഴ സി.എച്ച്.സി തയ്യാറാക്കിയ ബോധവല്‍ക്കരണ വീഡിയോ എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പ്രൈവറ്റ് ആശുപത്രികള്‍ക്കുള്ള ട്രീറ്റ്‌മെന്റ് പ്രൊട്ടോക്കോള്‍ ഡി.എം.ഒയ്ക്ക് വേദിയില്‍ കൈമാറി. ഡോക്‌സി സൈക്ലിന്‍ വിതരണം കര്‍ഷക തൊഴിലാളി ദിവാകരന്‍, ക്ഷീര കര്‍ഷക മീനാക്ഷി, തൊഴിലുറപ്പ് തൊഴിലാളിയായ മീനാ മുരളി എന്നിവര്‍ക്ക് നല്‍കി.     രായമംഗലം ആശ പ്രവര്‍ത്തകര്‍  വേദിയില്‍ ബോധവല്‍ക്കരണ സ്‌കിറ്റ് അവതരിപ്പിച്ചു. 

വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, സെമിനാറുകള്‍, മാജിക് ഷോ, വിവിധ ആരോഗ്യവിഭാഗങ്ങളുടെ രോഗനിര്‍ണയ ക്യാമ്പുകള്‍, ക്വിസ് മത്സരം, കായിക പ്രദര്‍ശന മത്സരങ്ങള്‍, എക്‌സൈസ് വകുപ്പുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍  ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, യോഗ,  മാനസികാരോഗ്യക്ലാസ് തുടങ്ങിയവ ആരോഗ്യമേളയുടെ ഭാഗമായി നടക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *