ന്യൂഡല്‍ഹി: ബിജെപിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ ബിഹാറില്‍ നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജനതാദള്‍ (യു) എംഎല്‍എമാരുടെ അടിയന്തര യോഗം 08/08/2022 പട്നയില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 09/08/2022 എംപിമാരുടെ യോഗവും ചേരും. അതേസമയം, ആര്‍ജെഡിയും കോണ്‍ഗ്രസും എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും കൈകോര്‍ത്താല്‍ ബിജെപി ബന്ധമുപേക്ഷിച്ച് നിതീഷിന് സര്‍ക്കാരുണ്ടാക്കാം. സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ സംസാരിച്ചെന്നാണ് റിപോര്‍ട്ടുകള്‍.രണ്ട് കേന്ദ്ര മന്ത്രി സ്ഥാനം, നിയമസഭ സ്പീക്കറെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന ബിജെപിയുമായി നിതീഷ് ഇടഞ്ഞു നില്‍ക്കുകയാണ്. അഗ്നിപഥിലടക്കം പ്രതിഷേധിച്ച നിതീഷ് കുമാര്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും പ്രധാനമന്ത്രി വിളിച്ച നിതി ആയോഗ് യോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം.സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തിയിട്ടുണ്ട്. ബിജെപിയുമായി തുടരുന്ന അതൃപ്തിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു.
