ലഹോര്‍: തനിക്ക് വെടിയേറ്റ അതേസ്ഥലത്തു നിന്ന് റിയല്‍ ഫ്രീഡം മാര്‍ച്ച് പുനരാരംഭിക്കുമെന്ന് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മാര്‍ച്ചില്‍ റാവല്‍പിണ്ടിയിലെത്തുമ്പോള്‍ താന്‍ അണിചേരുമെന്നും തുടര്‍ന്ന് മാര്‍ച്ചിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പാകിസ്താന്‍ തെഹ്രിക് ഇ ഇന്‍സാഫ്(പി.ടി.ഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിനിടെ വസീറാബാദില്‍വച്ചാണ് ഇമ്രാന്‍ ഖാനു നേരേ ആക്രമണമുണ്ടായത്. കാലിനു പരുക്കേറ്റ ഇമ്രാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.എനിക്കും മറ്റ് 11 പേര്‍ക്കും വെടിയേറ്റ വസീറാബാദില്‍നിന്നും മൊഅസാം രക്തസാക്ഷിത്വം വരിച്ച അതേ പോയിന്റില്‍ നിന്നും നാളെ മാര്‍ച്ച് പുനരാരംഭിക്കാന്‍ തീരുമാനിച്ചു”- ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും ഇമ്രാന്‍ ഖാനുള്‍പ്പെടെ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കണ്ടെയ്നര്‍ ട്രക്കിനു മുകളില്‍നിന്ന് ഇമ്രാന്‍ ഖാന്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. 4 വെടിയുണ്ടകളാണ് കാലില്‍ തുളച്ചുകയറിയതെന്നു ഇമ്രാന്‍ പറഞ്ഞു. 2 പേരാണ് വെടിവച്ചത്. വധശ്രമത്തിനു പദ്ധതിയിട്ടത് 4 പേരാണ്. അവരെക്കുറിച്ചു പറയുന്ന വീഡിയോ തയാറാക്കി സൂക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും ആപത്തു സംഭവിച്ചാല്‍ പുറത്തുവിടും. ഇവരെക്കൂടാതെ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ആഭ്യന്തരമന്ത്രി റാണ സനാവുല്ല, മേജര്‍ ജനറല്‍ ഫൈസല്‍ എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്നും ഇമ്രാന്‍ പറഞ്ഞു. കേസില്‍ക്കുരുക്കി തന്നെ അയോഗ്യനാക്കാന്‍ പാക്കിസ്ഥാന്‍ ഭരണകൂടം തെരഞ്ഞെടുപ്പു കമ്മിഷനെ ദുരുപയോഗം ചെയ്തെന്നും ആരോപിച്ചു.
ലാഹോറിലെത്തുമ്പോള്‍ മാര്‍ച്ചിനെ താന്‍ അഭിസംബോധന ചെയ്യുമെന്നും അടുത്ത 10-14 ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രീഡം മാര്‍ച്ച റാവല്‍പിണ്ടിയിലെത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക് സൈന്യത്തിന്റെ ആസ്ഥാനം റാവല്‍പിണ്ടിയാണ്. സൈന്യത്തിനും ചാരസംഘടന ഐ.എസ്.ഐയ്ക്കുമെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് ഇമ്രാന്‍ അഴിച്ചു വിടുന്നത്. ഈ സാഹചര്യത്തില്‍ ഇമ്രാനെതിരായ ആക്രമണത്തിനു പിന്നില്‍ സൈന്യത്തിന്റെ കരങ്ങളാണെന്നു കരുന്നവരും ഏറെയാണ്. എന്നാല്‍, മുന്‍പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ച് സൈന്യം രംഗത്തുവന്നിരുന്നു.
