കൊച്ചി: ശശി തരൂരിനോട് തനിക്ക് അസൂയയുണ്ടെന്ന കാര്യം ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തനിക്കില്ലാത്ത കഴിവുകൾ ഉള്ള വ്യക്തിയോട് അസൂയ തോന്നുന്നത് സ്വാഭാവികമാണ്. തന്നെ നോക്കി ആരും അസൂയപ്പെടുന്നില്ലെന്ന സങ്കടവുമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. കൊച്ചിയിൽ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച കോൺക്ലേവിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഷ്ടമില്ലാത്തവരോട് വരെ സംസാരിക്കുന്ന താൻ ഇഷ്ടവും ബഹുമാനവുമുള്ള തരൂരിനോട് മിണ്ടാതിരിക്കുന്നതെങ്ങനെ എന്നുചോദിച്ച സതീശൻ മറ്റുള്ളവർ പറയുന്നതുപോലെ തനിക്ക് തരൂരിനോട് പിണക്കമില്ലെന്നും വ്യക്തമാക്കി. അടുത്തിടെ ഉണ്ടായ വിവാദങ്ങളിൽ തന്നെ വില്ലനാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
‘തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാണ് മാധ്യമങ്ങളുടെ ശ്രമം. ഈ കഥയിൽ എന്നെ വില്ലനായി ചിത്രീകരിച്ചു. എപ്പോഴും നമുക്ക് നായകനായി നിൽക്കാൻ പറ്റുമോ. കഥകളിൽ വില്ലനും വേണമല്ലോ. ഇപ്പം മെനഞ്ഞ കഥയിലെ വില്ലനാകാനുള്ള യോഗമായിരുന്നു എനിക്ക്. നമുക്കെന്തു ചെയ്യാൻ പറ്റും. തിരുവനന്തപുരത്തെ പരിപാടിയിൽ തരൂരുമായി സംസാരിച്ചില്ലെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. പാർട്ടിയിൽ ഇഷ്ടമില്ലാത്തവരോടും മിണ്ടുന്ന ആളാണ് ഞാൻ’എന്നും പ്രതിപക്ഷ നേതാവ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
