ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യം പരിഗണിച്ചാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍, ഇന്ത്യന്‍ ജനതാല്‍പര്യം കണക്കിലെടുത്ത് ഏറ്റവും മികച്ച ഇടപാടിനുള്ള വിവേകപൂര്‍ണമായ നയമാണിതെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. മറ്റു രാജ്യങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ചെലവിലേക്ക് നമ്മുടെ ജനങ്ങളുടെ പണം നല്‍കേണ്ടതില്ലെന്ന് ഉറപ്പാക്കുകയാണ് പ്രഥമ കടമ. റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ല. കുറഞ്ഞ വിലയില്‍ ലഭിക്കുന്നിടത്തുനിന്ന് വാങ്ങാനാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോഴത് രാജ്യാന്തര വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. നാളെ ഒരുപക്ഷേ വിപണിയില്‍നിന്ന് കൂടുതല്‍ മത്സരാധിഷ്ഠിത അവസരങ്ങള്‍ ലഭിച്ചേക്കാം. ഒരു രാജ്യത്തുനിന്നു മാത്രമല്ല, പല സ്രോതസുകളില്‍നിന്നാണ് ക്രൂഡോയില്‍ വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.യുക്രൈന്‍ സംഘര്‍ഷത്തിനിടെ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരേ യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ശക്തമായി രംഗത്തെത്തിയെങ്കിലും ഇന്ത്യ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
