തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ ഉദയ് ഉജ്ജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന നടത്തിപ്പില്‍ കെ.എസ്.ഇ.ബിക്കു ഗുരുതരവീഴ്ചയെന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കിയിട്ടും സാമ്പത്തികപുരോഗതി കൈവരിക്കാനായില്ല. 2015 മുതല്‍ 2021 വരെ ബോര്‍ഡ് തുടര്‍ച്ചയായി നഷ്ടത്തിലായി. കടബാധ്യത വര്‍ധിക്കാന്‍ ജീവനക്കാരുടെ പെന്‍ഷനും കാരണമായി. സാങ്കേതിക-വാണിജ്യനഷ്ടം നികത്തല്‍, കുടിശിക നിര്‍മാര്‍ജനം എന്നിവയിലടക്കം ബോര്‍ഡിനു ലക്ഷ്യം കൈവരിക്കാനായില്ലെന്നും നിയമസഭയില്‍ സമര്‍പ്പിച്ച സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദയ് പദ്ധതിക്കായി കെ.എസ്.ഇ.ബിയും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും ത്രികക്ഷിക്കരാറാണ് ഒപ്പുവച്ചത്. കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട ഹൈ ടെന്‍ഷന്‍-ലോ ടെന്‍ഷന്‍ അനുപാതം മെച്ചപ്പെടുത്തല്‍, വിതരണ ട്രാന്‍സ്‌ഫോമര്‍ ശേഷി വര്‍ധന, ആളില്ല 33 കെ.വി. സബ് സ്‌റ്റേഷനുകള്‍ വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ല. ഉജ്ജ്വലുമായി ബന്ധപ്പെട്ട കടബാധ്യത സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തില്ല. സാമ്പത്തികപ്രകടനം മെച്ചപ്പെടുത്തുമെന്നും 2017-18, 2018-19 വര്‍ഷങ്ങളില്‍ ലാഭം രേഖപ്പെടുത്തുമെന്നും ധാരണാപത്രത്തിലുണ്ടായിരുന്നു. എന്നിട്ടും ബോര്‍ഡ് നഷ്ടത്തിലായി. 2015-16ല്‍ 696.96 കോടി രൂപയും 2020-21ല്‍ 1822.35 കോടിയുമാണു നഷ്ടം. ദീര്‍ഘകാലകടം 318.72% വര്‍ധിച്ച് 2020-21ല്‍ 15,716.79 കോടിയായി. ഇതിനു മുഖ്യകാരണം ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതയാണ്.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കും വൈദ്യുതി വാങ്ങലിനുമുള്ള ചെലവ് 2015-21ല്‍ ഗണ്യമായി വര്‍ധിച്ചു. സാമ്പത്തികബാധ്യത ഏറ്റടുക്കാതെ പദ്ധതി നടപ്പാക്കിയതിനാല്‍ ബോര്‍ഡിന് ഉദ്ദേശിച്ച പ്രയോജനം ലഭിച്ചില്ല. എച്ച്.ടി-എല്‍.ടി. ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന കുടിശിക ഉദയ് അനന്തരഘട്ടത്തില്‍ 10.40% വര്‍ധിച്ച് 2121.70 കോടിയില്‍നിന്ന് 2342.36 കോടിയായി.
ധാരണാപത്രപ്രകാരം കൃത്യസമയത്ത് താരിഫ് പെറ്റീഷനുകള്‍ ബോര്‍ഡ് നല്‍കിയില്ല. 2015-18 കാലത്ത് താരിഫ് പെറ്റീഷനുകള്‍ നല്‍കുന്നതും ട്ര്യൂയിങ് അപ്പ് പെറ്റീഷന്‍ നല്‍കുന്നതും െവെകിയതിനാല്‍ 6778.74 കോടിയുടെ വരുമാനനഷ്ടമുണ്ടായി. 200 യൂണിറ്റിനുമേല്‍ പ്രതിമാസ വൈദ്യുതി ഉപയോഗത്തിനു സ്മാര്‍ട്ട് മീറ്ററുകള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും സാധിച്ചില്ല. 38.94 കോടിയുടെ കേന്ദ്ര ഗ്രാന്റ് ഇതിനു ലഭ്യമായിരുന്നു.
എന്റര്‍പ്രൈസസ് റിസോഴ്‌സ് പ്ലാനിങ് സംവിധാനം നടപ്പാക്കുന്നതു വൈകി. വൈദ്യുതി ബോര്‍ഡ് വിതരണം ചെയ്ത എല്‍.ഇ.ഡി. ബള്‍ബുകള്‍ക്ക് അധികത്തുക ഈടാക്കി. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ 73.04 ലക്ഷം ബള്‍ബുകള്‍ക്ക് വില്‍പ്പനവിലയായി 95 രൂപ നിശ്ചയിച്ചതില്‍ പിഴവുണ്ടായി. ഒരു ബള്‍ബിന് പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ഫീസായി 0.72 രൂപയ്ക്കു പകരം (ഒരു ബള്‍ബിന്റെ സംഭരണവില 72.37 രൂപ) കെ.എസ്.ഇ.ബി. 1.25 രൂപ വീതം ഉപയോക്താക്കളില്‍നിന്ന് 38.71 ലക്ഷം രൂപ അധികം ഈടാക്കി. ഡിമാന്റ് സൈഡ് മാനേജ്‌മെന്റ് ഫണ്ട് വിഹിതമായി 7.77 കോടിയും 1.42 കോടിയും അധിക മാര്‍ജിന്‍ ഈടാക്കിയത് അനുചിതമാണ്. ഈ അനാവശ്യലാഭത്തിനു സംസ്ഥാനസര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു.
