ന്യൂഡല്‍ഹി: ചൈന അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അടുത്തയാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും. ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉയര്‍ന്നേക്കാന്‍ സാധ്യതയുള്ളതിനാല്‍ വരുന്ന 40 ദിവസങ്ങള്‍ നിര്‍ണായകമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍.
ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ തന്നെ മരണവും ആശുപത്രിക്കേസുകളും കുറവായിരിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. മുമ്പ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡിന്റെ പുതുതരംഗം ഉണ്ടായി മുപ്പത്, മുപ്പത്തിയഞ്ച് ദിവസം പിന്നിട്ടപ്പോഴായിരുന്നു ഇന്ത്യയില്‍ അങ്ങനെയൊന്നുണ്ടായത്. അതാണ് നിലവിലുള്ള പ്രവണതയെന്നും വിലയിരുത്തപ്പെടുന്നു.
ചൈനയ്ക്കു പുറമേ ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്‌കോങ്, തായ്‌ലന്‍ഡ്, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര യാത്രികര്‍ക്കാണ് അടുത്തയാഴ്ച മുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കുക. 71 മണിക്കൂര്‍ മുമ്പ് പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. യാത്രികര്‍ എയര്‍ സുവിധ ഫോറം പൂരിപ്പിച്ചു നല്‍കുകയും വേണം. നിലവില്‍ രാജ്യാന്തര വിമാനങ്ങളില്‍ എത്തുന്നവരില്‍ രണ്ടു ശതമാനം പേരെ മാത്രമാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ആറായിരം പേരെ പരിശോധിച്ചതില്‍ 39 രാജ്യാന്തര യാത്രക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തമിഴ്‌നാട് വിരുദുനഗര്‍ സ്വദേശിനിയായ സ്ത്രീയും മകളുമുണ്ട്. കൊളംബോ വഴി ചൈനയില്‍ നിന്ന് എത്തിയതാണ് ഇവര്‍. മധുെരെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന കണ്ടെത്തല്‍. രണ്ടുപേരും വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ തുടരുകയാണ്.
പരിശോധനകളും സ്‌ക്രീനിങ് സംവിധാനങ്ങളും നേരിട്ടു വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂഖ് മാണ്ഡവ്യ ഇന്ന് ഡല്‍ഹി വിമാനത്താവളം സന്ദര്‍ശിക്കും. കോവിഡ് വ്യാപന പശ്ചാത്തലവും നിയന്ത്രണത്തിനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോഗ്യ മന്ത്രിയും പലതവണ ഉന്നതതലയോഗങ്ങളും ചേര്‍ന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് മാണ്ഡവ്യ അഭ്യര്‍ഥിച്ചിരുന്നു. ശൈത്യവേള കാരണം നിര്‍ത്തിവച്ചിരിക്കുന്ന യാത്ര ജനുവരി മൂന്നിന് പുനരാരംഭിക്കാനിരിക്കെയാണിത്. ഒമിക്രോണ്‍ വകഭേദമായ ബി.എഫ്.-7 ആണ് നിലവില്‍ വില്ലന്‍. ഇതിന്റെ വ്യാപനത്തോത് ഭീകരമാണ്. ഒരാളെ ബാധിച്ചാല്‍ അയാളില്‍ നിന്ന് 16 പേര്‍ക്കുവരെ പിടിക്കാമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
