ന്യൂഡല്‍ഹി: കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 19 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഇരുപത് വര്‍ഷം കൊണ്ട് 18.2 ലക്ഷം ഹെക്ടര്‍ സ്ഥാനത്തുണ്ടായിരുന്ന നാളികേര കൃഷി 21.09 ലക്ഷം ഹെക്ടര്‍ ആയി വര്‍ധിച്ചതായും മന്ത്രി അറിയിച്ചു. ലോക്‌സഭയില്‍ എം.കെ. രാഘവന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി തെങ്ങുകയറ്റക്കാരുടെ അഭാവമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കളെ പരിശീലിപ്പിക്കുന്ന പദ്ധതിയില്‍ അറുപത്തിയാറായിരത്തിലധികം പേര്‍ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.
