റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഗമണില്‍ ഭൂമി കൈയേറി വിറ്റ കേസ്: പ്രതി അറസ്റ്റില്‍

February 14, 2023 - 8:26 pm

തൊടുപുഴ: വാഗമണില്‍ സര്‍ക്കാര്‍ഭൂമി കൈയേറി, വ്യാജപട്ടയം ചമച്ച് വിറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാഗമണ്‍, റാണിമുടി കൊയ്ക്കാരംപറമ്പില്‍ ജോളി സ്റ്റീഫനെ(61)യാണ് ഇടുക്കി വിജിലന്‍സ് ബംഗളുരുവില്‍നിന്നു പിടികൂടിയത്. തുടര്‍ന്ന്, തൊടുപുഴ മുട്ടത്തെ വിജിലന്‍സ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ജോളിയുടെ മുന്‍ഭാര്യ അവകാശമുന്നയിക്കുന്ന 3.40 ഏക്കര്‍ ഭൂമി വ്യാജപട്ടയമുണ്ടാക്കി മറിച്ചുവിറ്റെന്നാണു കേസ്. 2019-ലാണ് മുന്‍ഭാര്യ പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, സര്‍ക്കാര്‍ഭൂമി വ്യാജപട്ടയമുണ്ടാക്കി മറിച്ചുവിറ്റെന്നു വിജിലന്‍സ് കണ്ടെത്തി. 1992-ല്‍ പട്ടയത്തിന് അപേക്ഷിച്ചപ്പോഴും 2012-ല്‍ ഭൂമി വിറ്റപ്പോഴും ജോളി നല്‍കിയ വിവരങ്ങള്‍ വ്യാജമായിരുന്നെന്നാണു കണ്ടെത്തല്‍.

ജോളിയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ 110 ഏക്കര്‍ വാഗമണിലുണ്ടായിരുന്നെന്നും അതില്‍ പട്ടയമില്ലാത്ത 55 ഏക്കര്‍ പലര്‍ക്കായി വ്യാജരേഖ ചമച്ച് വിറ്റെന്നും കേസുണ്ട്. 55 ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറി വിറ്റ കേസിലും ഇയാള്‍ പ്രതിയാണ്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രതിക്കൂട്ടിലായ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജോളി കൈയേറിയ ഭൂമി മുപ്പതോളം പേര്‍ക്കായി വിറ്റെന്നാണു വിജിലന്‍സിനു ലഭിച്ച വിവരം. ഇക്കാര്യം വിശദമായി അന്വേഷിച്ചുവരുകയാണെന്നു പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. അരുണ്‍ പറഞ്ഞു.

17 വര്‍ഷമായി ബംഗളുരു, ബലന്തൂരിലാണു കുടുംബസമേതം താമസിക്കുന്നതെന്നും റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്നും ജോളി വിജിലന്‍സിനു മൊഴിനല്‍കി. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുള്‍പ്പെട്ട ലോബി ഭൂമിതട്ടിപ്പിനു കൂട്ടുനിന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണു ജോളിയുടെ മൊഴിയെന്നാണു സൂചന. വിജിലന്‍സ് കോട്ടയം റേഞ്ച് എസ്.പി: വി.ജി. വിനോദ്കുമാര്‍, ഇടുക്കി ഡിെവെ.എസ്.പി. ഷാജു തോമസ്, സി.ഐ: ടി.ആര്‍. അരുണ്‍, എസ്.ഐ: ഡാനിയേല്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *