ചേര്‍ത്തല: അര്‍ത്തുങ്കല്‍ അറവുകാട് ദേവീക്ഷേത്രത്തില്‍ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കിഴക്കേവെളി അശോകനാണു (57) മരിച്ചത്.
വെള്ളിയാഴ്ച (10.02.2023) രാവിലെ ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി പറയെടുപ്പ് പുറപ്പെടുന്നതിനു മുന്‍പുള്ള വെടിവഴിപാടിന് കതിന നിറയ്ക്കുമ്പോഴായിരുന്നു അപകടം. നിറച്ചു കൊണ്ടിരുന്ന കതിനയ്ക്ക് പെട്ടെന്നു തീപിടിച്ചു. സമീപം സൂക്ഷിച്ചിരുന്ന മറ്റൊരു കതിനയ്ക്കും കരിമരുന്നിനും കൂടി തീപിടിച്ചതോടെ അശോകനും ഒപ്പമുണ്ടായിരുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുളിക്കച്ചിറ പ്രകാശനും (52) പൊള്ളലേല്‍ക്കുകയായിരുന്നു.
അശോകന് 85 ശതമാനത്തോളം പൊള്ളലേറ്റു. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചശേഷം ഗുരുതരമായി പരുക്കേറ്റ അശോകനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
അനുമതിയില്ലാതെയാണു കരിമരുന്ന് സുക്ഷിച്ചതെന്നും സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും അര്‍ത്തുങ്കല്‍ പോലീസ് പറഞ്ഞു.
