ഇൻഡോർ : പ്രിൻസിപ്പളിനോടുള്ള വൈരാഗ്യത്തിൽ കോളേജിലെത്തിയ പൂർവ്വ വിദ്യാർഥി പ്രിൻസിപ്പളിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 80 ശതമാനവും പൊള്ളലേറ്റ കോളേജ് പ്രിൻസിപ്പൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിലിരിക്കെ 2023 ഫെബ്രുവരി 25നാണ് മരണത്തിന് കീഴടങ്ങിയത്. ഇൻഡോറിലെ ബി എം ഫാർമസി കോളജ് പ്രിൻസിപ്പൽ വിമുക്ത ശർമ (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അശുതോഷ് ശ്രീവാസ്തവ (24) പോലീസ് പിടിയിലായി.
മാർക്ക് ഷീറ്റ് നൽകാത്തതിലുള്ള വൈരാഗ്യമാണ് പ്രിൻസിപ്പളിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞത്. 2023 ഫെബ്രുവരി 20ന് കോളേജിൽ കയറി വന്ന അശുതോഷ് പ്രിൻസിപ്പളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ജീവനക്കാരുടെ മുന്നിൽ വെച്ച് വിമുക്ത വർമ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. അശുതോഷിനും പൊള്ളലേറ്റിരുന്നു.
ഓടിക്കൂടിയ ജീവനക്കാർ വിമുക്ത ശർമയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായി പൊള്ളലേറ്റിരുന്നു. ആളികത്തിയ തീ അണച്ച ശേഷം ജീവനക്കാർ ഉടൻ തന്നെ പ്രിൻസിപ്പളിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വിമുക്ത നാല് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
.പ്രിൻസിപ്പളിനെ തീകൊളുത്തുന്നതിനിടെ അശുതോഷിനും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പിടിക്കപ്പെട്ട ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ പൊലീസ് കാര്യമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ൽ ഫലം വന്ന ഏഴ്, എട്ട് സെമസ്റ്ററുകളുടെ മാർക്ക് ലിസ്റ്റ് നൽകാത്തതാണ് ആക്രമണ ത്തിൻറെ കാരണമെന്നാണ് അശുതോഷ് പൊലീസിനോട് പറഞ്ഞത്. പലതവണ ആവശ്യപ്പെട്ടിട്ടും കോളേജിൽ നിന്ന് മാർക്ക് ലിസ്റ്റ് കിട്ടിയില്ലെന്നും അതുകൊണ്ടാണ് കോളേജിലെത്തിയതെന്നും അശുതോഷ് പറഞ്ഞു. പ്രിൻസിപ്പൽ വീട്ടിലേക്ക് മടങ്ങാനിറങ്ങിയപ്പോൾ കാത്തുനിന്നാണ് ആക്രമണം നടത്തിയത്. അശുതോഷിനെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
അതേസമയം പ്രിൻസിപ്പളിൻറെ മരണത്തിന് പിന്നാലെ പൊലീസിനെതിരെ വിമർശനവുമായി ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. അശുതോഷ് മുൻപും പലതവണ കോളേജിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ള വിദ്യാർഥിയാണെന്നും, പലതവണ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് വിമുക്ത ശർമയുടെ ജീവൻ നഷ്ടമാക്കിയതെന്നുമുള്ള ആരോപണവുമായി കുടുംബാംഗങ്ങളും കോളജ് ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. അശുതോഷ് നേരത്തെ കോളജിലെ ഒരു അധ്യാപകനെ കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടികാട്ടി.
