എച്ച്3എന്‍2 വൈറസ് ബാധ രാജ്യത്ത് പടരുകയാണ്. രണ്ട് പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമാണ് എച്ച്3എന്‍2. ഹോംങ്കോങ് ഫ്ളൂ എന്നും ഈ രോഗാവസ്ഥ അറിയപ്പെടുന്നു. മനുഷ്യരില്‍ ശ്വാസകോശസംബന്ധമായ അവസ്ഥയിലേക്കാണ് ഇത് നിങ്ങളില്‍ എത്തുന്നത്. കടുത്ത ചുമയാണ് രോഗാവസ്ഥ വഷളാക്കുന്നത്. ശ്വാസകോശത്തെയാണു പ്രധാനമായും ഈ വൈറസ് ബാധിക്കുക. പക്ഷികളിലും സസ്തനികളിലും എച്ച്3എന്‍2 ബാധിക്കാം. പക്ഷിമൃഗാദികളില്‍ വൈറസ് വകഭേദങ്ങള്‍ ദീര്‍ഘകാലം നിശബ്ദസാന്നിധ്യമായിരിക്കും. വയസായവരിലും ഡയബറ്റിക്‌സ് പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും രോഗം കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത.
- രോഗലക്ഷണങ്ങള്‍
സാധാരണ പനിയിലും ചുമയിലും തുടങ്ങി ഗുരുതര ന്യുമോണിയയിലും മറ്റ് ശ്വാസകോശരോഗങ്ങളിലും കലാശിക്കാം. മരണകാരണവുമാകാം. നീണ്ടുനില്‍ക്കുന്ന ചുമ, പനി, കുളിര്, ശ്വാസതടസം, നെഞ്ചിലെ കുറുകുറുപ്പ് എന്നിവയാണു പ്രധാനലക്ഷണങ്ങള്‍.
ഛര്‍ദി, മനംപുരട്ടല്‍, തൊണ്ടയ്ക്ക് ഇടര്‍ച്ച/വേദന, ശരീരവേദന, തുമ്മല്‍, ജലദോഷം, അതിസാരം എന്നിവയില്‍ ചിലതും അധികലക്ഷണങ്ങളായി കാണപ്പെടാറുണ്ട്. ചികിത്സയാരംഭിച്ചാലും ലക്ഷണങ്ങള്‍ ഒരാഴ്ചയോളം നീണ്ടുനിന്നേക്കാം.
- ഓക്സിജന്‍ ശ്രദ്ധിക്കൂ
- പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ ഓക്സിജന്‍ നിരക്ക് പരിശോധിക്കുക.
- ഓക്സിജന്‍ നിരക്ക് 95-ല്‍ കുറവാണെങ്കില്‍ ഡോക്ടറെ കാണണം.
- 90-ല്‍ കുറവാണെങ്കില്‍ അടിയന്തരചികിത്സ ആവശ്യം.
- രോഗം വരാതിരിക്കാന്‍
കോവിഡ് കാലത്തേതിനു സമാനമായ മുന്‍കരുതലുകളാണു ഡോക്ടര്‍മാര്‍ എച്ച്3എന്‍2-ന്റെ കാര്യത്തിലും നിര്‍ദേശിക്കുന്നത്.
- കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക.
- മാസ്‌ക് ഉപയോഗിക്കുക
- ആള്‍ക്കൂട്ടമേഖലകള്‍ ഒഴിവാക്കുക.
- ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായും മൂക്കും മറയ്ക്കുക.
- കണ്ണിലോ മൂക്കിലോ സ്പര്‍ശിക്കാതിരിക്കുക.
- ധാരാളം വെള്ളം കുടിക്കുക.
- പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക.
- കഴിവതും ഹസ്തദാനം ഒഴിവാക്കുക.
- സ്വയംചികിത്സ ഒഴിവാക്കുക.
(ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന മുന്നറിയിപ്പ്)
