ന്യൂഡല്‍ഹി/ഗുര്‍ദാസ്പുര്‍: ആയുധങ്ങളുമായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ വെടിവച്ചിട്ടു. പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്നലെ അതിര്‍ത്തി രക്ഷാസേനയാണ് ഡ്രോണ്‍ തകര്‍ത്തത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഗുര്‍സാസ്പുര്‍ ജില്ലയിലെ മെറ്റ്‌ല ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണു ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അതിര്‍ത്തി രക്ഷാസേന ഡ്രോണ്‍ വെടിവച്ചിട്ടു. നേരം പുലര്‍ന്നശേഷം പോലീസ് അടക്കമുള്ള സേനകളുടെ സാന്നിധ്യത്തില്‍ പ്രദേശം വലയത്തിലാക്കി പരിശോധന നടത്തി. ഒരു എ.കെ. റൈഫിള്‍, രണ്ട് മാഗസിന്‍സ്, വെടിയുണ്ടകള്‍ എന്നിവ സമീപത്തെ കൃഷിയിടത്തില്‍നിന്നു കണ്ടെത്തിയതായി അതിര്‍ത്തി രക്ഷാസേനാ അധികൃതര്‍ അറിയിച്ചു.
