റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇയിലുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ യുവാവിന് 11.1 കോടിരൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

April 7, 2023 - 12:58 pm

ദുബൈ: യുഎഇയിലുണ്ടായ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് 50 ലക്ഷം ദിർഹത്തിന്റെ (11.1 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2019 ജൂൺ മാസത്തിൽ യുഎഇയിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ബൈഗ് മിർസ എന്ന വിദ്യാർത്ഥിക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. അപകടം നടക്കുമ്പോൾ ഇരുപത് വയസ് മാത്രം പ്രായമുണ്ടായിരുന്ന യുവാവ് റാസൽഖൈമയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരന്നു.

നേരത്തെ യുഎഇ ഇൻഷുറൻസ് അതോരിറ്റി കേസിൽ 10 ലക്ഷം ദിർഹം നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാൽ യുവാവിന്റെ അഭിഭാഷകർ ദുബൈ പ്രാഥമിക കോടതിയിൽ അപ്പീൽ നൽകി. അവിടെ നിന്നാണ് നഷ്ടപരിഹാരം 50 ലക്ഷം ദിർഹമാക്കി ഉയർത്തിക്കൊണ്ട് വിധിയുണ്ടായത്. വിധിക്കെതിരെ രണ്ട് തവണ ഇൻഷുറൻസ് കമ്പനി യുഎഇ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും വിധി ശരിവെയ്ക്കുകയായിരുന്നു.

2019 ജൂൺ മാസം പെരുന്നാൾ അവധിക്കാലത്താണ് യുഎഇയിലെ ഏറ്റവും വലിയ ബസ് അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒമാനിൽ നിന്ന് ദുബൈയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ റാഷിദിയ മെട്രോ സ്റ്റേഷൻ റോഡിലേക്ക് വാഹനം കടക്കുന്നതിനിടെ റോഡിലുണ്ടായിരുന്ന ഹൈറ്റ് ബാരിയറിൽ ഇടിച്ച് ബസിന്റെ മുകൾ ഭാഗം പൂർണമായി തകരുകയാരുന്നു. ബസിലുണ്ടായിരുന്ന 31 യാത്രക്കാരിൽ 17 പേരും മരിച്ചു. ഇവരിൽ തന്നെ 12 പേർ ഇന്ത്യക്കാരായിരുന്നു.

അപകടം നടക്കുമ്പോൾ 20 വയസ് പ്രായമുണ്ടായിരുന്ന മിർസ അമ്മയുടെ ബന്ധുക്കൾക്കൊപ്പം ഒമാനിൽ പോയി മടങ്ങിവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം രണ്ട് മാസം ദുബൈ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിൽ തന്നെ 14 ദിവസം പൂർണമായും അബോധാവസ്ഥയിലായിരുന്നു. ആശുപത്രി വിട്ടശേഷം റീഹാബിലിറ്റേഷൻ ചികിത്സയ്ക്കും വിധേയമായി. ഫൈനൽ ഇയർ വിദ്യാർത്ഥിയായിരുന്ന മിർസയ്ക്ക് പരീക്ഷ എഴുതാനായില്ല. തലച്ചോറിനേറ്റ ഗുരുതര ക്ഷതം കാരണം മിർസ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത വളരെ കുറവാണെന്ന് ചികിത്സയ്ക്കിടെ തന്നെ ഡോക്ടർമാർ പറഞ്ഞിരുന്നു. തലയോട്ടിക്കും ചെവിക്കും വായയ്ക്കും ശ്വാസകോശങ്ങൾക്കും കൈകാലുകൾക്കുമമെല്ലാം പരിക്കേറ്റിരുന്നു. തലച്ചോറിന് 50 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായി ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടിലും പറയുന്നുണ്ട്. 

അപകടമുണ്ടാക്കിയ ബസിന്റെ ഒമാൻ സ്വദേശിയായ ഡ്രൈവർക്ക് ഏഴ് വർഷം തടവാണ് കോടതി വിധിച്ചത്. ഇതിന് പുറമെ ഇയാൾ 34 ലക്ഷം റിയാൽ ബ്ലഡ് മണി നൽകണമെന്നും കോടതി വിധിച്ചിരുന്നു. മിർസയുടെ അപകടത്തെ തുടർന്ന് കുടുംബം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് അഭിഭാഷകർ പറഞ്ഞു. നഷ്ടപരിഹാരത്തുക കൊണ്ട് കുടുംബത്തിന് ചെറിയ രീതിയിലെങ്കിലും അത് അതിജീവിക്കാനാവുമെന്നും അഭിഭാഷകർ അഭിപ്രായപ്പെട്ടു. 

ഷാർജ ആസ്ഥാനമായുള്ള ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സിലെ സീനിയർ അഭിഭാഷകരായ ഈസ അനീസ്, അഡ്വ. യു.സി അബ്‍ദുല്ല, അഡ്വ. മുഹമ്മദ് ഫാസിൽ തുടങ്ങിയവർക്കൊപ്പം ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സ് ചീഫ് അഡ്വൈസർ അഡ്വ. ശരീഫ് അൽ വർദ, യുഎഇ അഭിഭാഷകരായ ഹസൻ അശൂർ അൽ മുല്ല, ഫാരിദ് അൽ ഹസൻ തുടങ്ങിയവർ രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളിൽ മിർസയ്ക്ക് വേണ്ടി ഹാജരായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *