ചെന്നൈ: നടൻ മാധവന്റെ മകന് വേദാന്ത് നീന്തല്‍ താരമാണ്. ഇതിനകം നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ വേദാന്ത് മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പിലെ നീന്തലില്‍ അഞ്ച് സ്വര്‍ണമാണ് സ്വന്തമാക്കിയത്.
മകന്റെ പുതിയ നേട്ടത്തില്‍ അഭിമാനവും ആഹ്ലാദവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാധവന്.
ഇന്‍സ്റ്റഗ്രാമില്‍ മാധവന് കുറിച്ചതിങ്ങനെ-
‘ദൈവാനുഗ്രഹവും നിങ്ങളുടെ ആശംസകളും കാരണം, ക്വാലാലംപൂരില്‍ നടന്ന മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി അഞ്ച് സ്വര്‍ണം (50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍) നേടാന്‍ വേദാന്തിന് കഴിഞ്ഞു. എനിക്ക് ആഹ്ലാദവും കൃതജ്ഞതയും തോന്നുന്നു. പിന്നാലെ സുഹൃത്തുകളും ആരാധകരും വേദാന്തിനെ അഭിനന്ദിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഖേലോ ഇന്ത്യ 2023 ടൂര്‍ണമെന്റില്‍ ടീം മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച വേദാന്ത്, അഞ്ച് സ്വര്‍ണ മെഡലും രണ്ട് വെള്ളി മെഡലും നേടി. 2022 48-ാമത് ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ വേദാന്ത് റെക്കോര്‍ഡിട്ടു. 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത്, 2017ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് മറികടന്നത്.
