സംസ്ഥാനത്തു 3,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനു തറക്കല്ലിട്ടു. കേരളത്തിലെ മൂന്നു പ്രധാന റെയില്‍വേ സ്‌റ്റേഷനുകളെ ബഹുതല ഗതാഗത കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പുനര്‍വികസനത്തിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ ബജറ്റിലും അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടിയിലധികം ചെലവഴിക്കും. രാജ്യത്ത് പൊതുഗതാഗത, ലോജിസ്റ്റിക്‌സ് മേഖല സമ്പൂര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്. 2014-ന് മുമ്പുള്ള ശരാശരി റെയില്‍വേ ബജറ്റ് ഇപ്പോള്‍ അഞ്ചിരട്ടിയായി വര്‍ധിച്ചു പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് എക്‌സ്പ്രസ് വികസനത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്. ഇത്തരം അര്‍ധ അതിവേഗ ട്രെയിനുകള്‍ അനായാസം ഓടിക്കാന്‍ സാധിക്കുന്ന തരത്തില്‍ റെയില്‍ ശൃംഖല മാറും.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ പാത അര്‍ധ അതിവേഗ ട്രെയിനുകള്‍ക്കായി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. പൂര്‍ത്തിയാകുമ്പോള്‍, തിരുവനന്തപുരം മുതല്‍ മംഗളൂരുവരെ അര്‍ധ അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും.
പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് മേയ്ഡ് ഇന്‍ ഇന്ത്യ പ്രതിവിധികള്‍ ലഭ്യമാക്കാനാണ് ശ്രമം. ഒരു സെമി-ഹൈബ്രിഡ് ട്രെയിന്‍, റീജണല്‍ റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, റോ-റോ ഫെറി, റോപ്‌വേ തുടങ്ങിയവ നടപ്പാക്കും.-പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി വാട്ടര്‍ മെട്രോ മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിനായി തുറമുഖങ്ങള്‍ വികസിപ്പിച്ചതിന് കൊച്ചി കപ്പല്‍ശാലയെ അഭിനന്ദിച്ചു. കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിയുടെ സമീപ ദ്വീപുകളില്‍ താമസിക്കുന്നവര്‍ക്ക് ആധുനിക ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാക്കും. ബസ് ടെര്‍മിനലും മെട്രോ ശൃംഖലയും തമ്മില്‍ ഇന്റര്‍മോഡല്‍ സമ്പര്‍ക്കസൗകര്യമൊരുക്കും. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം സംസ്ഥാനത്തെ കായല്‍ വിനോദസഞ്ചാരത്തിനും ഇത് ഗുണം ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ഡിജിറ്റല്‍ ശാസ്ത്ര പാര്‍ക്ക് ഡിജിറ്റല്‍ ഇന്ത്യക്ക് ഉത്തേജനം നല്‍കും. തദ്ദേശീയമായി വികസിപ്പിച്ച 5ജി ഈ മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വന്ദേഭാരത് ബംഗളുരുവിലേക്ക് നീട്ടുന്നത് പരിഗണനയിലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടാനാകുന്ന റൂട്ടാണത്. വന്ദേ മെട്രോ വരുമ്പോള്‍ തിരുവനന്തപുരം – കൊച്ചി റൂട്ടിന് മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡോ. ശശി തരൂര്‍ എം.പിതുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
