റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

6,55,000 ടിന്‍ അരവണ നശിപ്പിക്കല്‍ ബോര്‍ഡിന് വെല്ലുവിളി

May 16, 2023 - 4:31 pm

കൊച്ചി: അമിതതോതില്‍ കീടനാശിനി അടങ്ങിയ ഏലയ്ക്കയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പാഴായ അരവണ നശിപ്പിക്കല്‍ ദേവസ്വംബോര്‍ഡിനു വെല്ലുവിളി. പത്തനംതിട്ട ജില്ലയില്‍ എവിടെയെങ്കിലും എത്തിച്ചു നശിപ്പിക്കാനാണു ഉദ്ദേശിച്ചതെങ്കിലും കാടിനോടു ചേര്‍ന്നുള്ള പ്രദേശമായതിനാല്‍, വന്യമൃഗങ്ങള്‍ എത്തി മാന്തിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണു വനംവകുപ്പ് അറിയിച്ചത്. ശര്‍ക്കര ചേര്‍ന്നിട്ടുള്ളതിനാല്‍, അതിന്റെ ഗന്ധം വന്യജീവികളെ ആകര്‍ഷിക്കുന്നതാണ്. അതിനാല്‍, വനാതിര്‍ത്തിയില്‍ നിന്നു വിദൂരത്തെവിടെയെങ്കിലും സംസ്‌കരിക്കണം. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ജൈവവളം, കാലിത്തീറ്റ കമ്പനികള്‍ക്കു ആവശ്യമുണ്ടെങ്കില്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. പാഴായ 6,55,000 ടിന്‍ അരവണയാണു ഭക്ഷ്യസുരക്ഷാ വകുപ്പു സീല്‍ ചെയ്തു ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ളത്. ഏഴുകോടി രൂപയാണു നഷ്ടം. ഗുണമേന്മ തെളിഞ്ഞാലും ഈ അരവണ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

ഓപ്പണ്‍ ടെന്‍ണ്ടര്‍ ഇല്ലാതെയാണ് ഏഴു ടണ്‍ ഏലയ്ക്ക 10.9 ലക്ഷം രൂപയ്ക്കു വാങ്ങിയത്. 95 ഇനം കീടനാശിനികളുടെ സാന്നിദ്ധ്യമുണ്ടെന്ന രാസപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ അരവണ വിതരണം അടിയന്തരമായി ഹൈക്കോടതി തടയുകയായിരുന്നു. അരിയും ശര്‍ക്കരയുമടക്കം 350 കിലോയോളം വരുന്ന ഒരുകൂട്ട് അരവണയില്‍ 750 ഗ്രാം ഏലക്ക മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഇതാകെ ചേരുവയുടെ 0.20 ശതമാനം മാത്രമാണെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. 200 ഡിഗ്രിക്കു മുകളിലുള്ള താപനിലയില്‍ അരവണ തയാറാക്കുന്നതിനാല്‍ അപകടകരമല്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ഓപ്പണ്‍ ടെന്‍ഡര്‍ ഉപേക്ഷിച്ചു ലോക്കല്‍ പര്‍ച്ചേസ് നടത്തിയതിനെതിരേ മുന്‍കരാറുകാരനാണു ഹൈക്കോടതിയെ സമീപിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *