ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാണാനില്ലെന്നാരോപിച്ച് ഭാര്യ മേഘല സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭിന്നവിധി പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ ജെ. നിഷാ ബാനുവും ഭരത ചക്രവര്‍ത്തിയും വ്യത്യസ്ത വിധിപ്രസ്താവം നടത്തിയതിനേത്തുടര്‍ന്ന് ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിനു വിട്ടു.
ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം പോലീസ് കസ്റ്റഡി ആവശ്യപ്പെടാനുള്ള അധികാരം ഇ.ഡിക്കില്ലെന്നും ജസ്റ്റിസ് നിഷാ ബാനു നിരീക്ഷിച്ചു. സെന്തില്‍ ചികിത്സയില്‍ കഴിഞ്ഞ ദിവസങ്ങള്‍ കസ്റ്റഡി കാലാവധിയില്‍ ഉള്‍പ്പെടുത്തരുതെന്ന ഇ.ഡിയുടെ ആവശ്യം ജസ്റ്റിസ് നിഷ തള്ളി. എന്നാല്‍, അറസ്റ്റോ കസ്റ്റഡിയോ നിയമവിരുദ്ധമാണെന്നു തെളിയിക്കാനായില്ലെങ്കില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടെ വിധി.
സെന്തിലിന്റെ റിമാന്‍ഡ് നിയമവിരുദ്ധമാണെന്ന വാദം ഈ കേസില്‍ ഹര്‍ജിക്കാരിക്കില്ല. ചികിത്സയിലായിരുന്നതിനാല്‍ ഒരുദിവസം പോലും ഇ.ഡി. കസ്റ്റഡിയില്‍ കഴിഞ്ഞിട്ടില്ലെന്നതു പ്രതിക്കു ലഭിച്ച ആനുകൂല്യമാണ്.
അതുകൊണ്ടുതന്നെ കസ്റ്റഡി കാലാവധിയില്‍ ചികിത്സാദിവസങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. കഴിഞ്ഞമാസം 14 മുതല്‍ ആശുപത്രി വിട്ട ദിവസം വരെയുള്ള കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടതില്ലെന്നും ജസ്റ്റിസ് ഭരത വിധിച്ചു.
ഡിവിഷന്‍ ബെഞ്ചിന്റെ ഭിന്നവിധിയേത്തുടര്‍ന്ന്, സെന്തിലിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്തുള്ള ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു. സെന്തിലിന്റെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷതീരുമാനത്തിനു വിടാവുന്നതാണെന്നും ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.
സെന്തിലിനു ഹൈക്കോടതി നേരത്തേ ഇടക്കാലജാമ്യം നിരസിച്ചെങ്കിലും അദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്കായി സ്വകാര്യാശുപത്രിയിലേക്കു മാറ്റാന്‍ അനുവാദം നല്‍കിയിരുന്നു. പോലീസിന്റെ അധികാരമില്ലാത്ത ഇ.ഡിക്ക് എട്ടുദിവസം കസ്റ്റഡി അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവും ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നു. എന്നാല്‍, കസ്റ്റഡി നിയമവിരുദ്ധമാണെന്നു കോടതി കണ്ടെത്താത്ത സാഹചര്യത്തില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍. രമേഷ് എന്നിവര്‍ വാദിച്ചു.
