റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിമാസ ബില്ലിംഗ് കെഎസ്‌ഇബിയുടെ പരിഗണനയിൽ

October 9, 2024 - 6:22 am

തിരുവനന്തപുരം: വൈദ്യുതി നിരക്കിനു നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതി മാറ്റി പ്രതിമാസ ബില്ലിംഗ് ഏർപ്പെടുത്തുന്നതു കെഎസ്‌ഇബിയുടെ പരിഗണനയിലാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ബില്ലുകള്‍ നല്‍കുന്നതിനുള്ള കാലാവധി തീരുമാനിക്കുന്നതു വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. നിലവില്‍ പ്രതിമാസം ബില്‍ നല്‍കാനുള്ള ഒരു നിർദേശവും കമ്മീഷൻ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിരക്കു വർധിപ്പിക്കുന്നതിനായുള്ള ശിപാർശ കെഎസ്‌ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനു മുമ്പാകെ നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയില്‍ പറഞ്ഞു.

വൈദ്യുതി സ്മാർട്ട് മീറ്ററുകള്‍ ഘട്ടംഘട്ടമായി നടപ്പാക്കും.

ഉപയോക്താക്കള്‍ക്കു വൈദ്യുതി സ്മാർട്ട് മീറ്ററുകള്‍ ഘട്ടംഘട്ടമായി നടപ്പാക്കും. ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷം മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നല്‍കിയിട്ടുണ്ട്. ഇതില്‍ സിസ്റ്റം മീറ്ററുകള്‍, ഗവണ്‍മെന്‍റ് ഉപയോക്താക്കള്‍, എച്ച്‌ടി ആൻഡ് ഇഎച്ച്‌ടി ഉപയോക്താക്കള്‍, വാണിജ്യവിഭാഗം ഉപയോക്താക്കള്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 2026 മാർച്ചില്‍ പൂർത്തിയാകും.

ടിഒഡി മീറ്ററുകളാണു സ്ഥാപിക്കുക

നിലവില്‍ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷൻ നല്‍കുമ്പോഴും മീറ്റർ മാറ്റുമ്പോഴും ടിഒഡി മീറ്ററുകളാണു സ്ഥാപിക്കുന്നത്. കേന്ദ്രത്തിന്‍റെ നിർദേശം അനുസരിച്ചു കാർഷിക ഉപയോക്താക്കള്‍ ഒഴികെയുള്ള മറ്റ് ഉപയോക്താക്കള്‍ക്ക് 2025 ഏപ്രിലിനു മുമ്പായി ടിഒഡി താരിഫ് ഏർപ്പെടുത്തണമെന്നാണു വ്യവസ്ഥ. പ്രതിമാസം 250 യൂണിറ്റിനു മുകളില്‍ ഉപഭോഗമുള്ള ഗാർഹിക ഉപയോക്താക്കള്‍ക്കു നടപ്പാക്കുകയാണെങ്കില്‍ 2.88 ലക്ഷം മീറ്ററുകള്‍ മാറ്റേണ്ടിവരും. ഇതിനു 20 കോടി രൂപ ചെലവു വരുമെന്നും മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *