റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആർച്ച്‌ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഡിസംബർ 7 ന്

December 6, 2024 - 6:14 am

വത്തിക്കാൻ സിറ്റി: ഭാരതസഭയില്‍‌ വൈദികപദവിയില്‍നിന്ന് നേരിട്ട് കർദിനാള്‍ പദവിയിലേക്കുയർത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച ആർച്ച്‌ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഡിസംബർ 7 ന് നടക്കും.മാർ കൂവക്കാട്ടിനൊപ്പം 20 പേർകൂടി കർദിനാള്‍ പദവിയിലേക്കുയർത്തപ്പെടും. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വത്തിക്കാൻ സമയം ഡിസംബർ 7 ന് വൈകുന്നേരം നാലിനു നടക്കുന്ന തിരുക്കർമങ്ങള്‍ക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ‍്യകാർമികത്വം വഹിക്കും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് മെത്രാന്മാരും വൈദികരും ഉള്‍പ്പെടെ നിരവധിപ്പേർ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ഈ അവിസ്മരണീയ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് മെത്രാന്മാരും വൈദികരും ഉള്‍പ്പെടെ നിരവധിപ്പേരാണ് വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍‌നിന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്‌ബിഷപ് മാർ റാഫേല്‍ തട്ടില്‍, കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി, ആർച്ച്‌ബിഷപ് മാർ തോമസ് തറയില്‍, ആർച്ച്‌ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉള്‍പ്പെടെയു ള്ളവർ തിരുക്കർമങ്ങളില്‍ പങ്കെടുക്കും.

ഞായറാഴ്ച വൈകുന്നേരം മാർ ജോർജ് കൂവക്കാട്ടിന്‍റെ കാർമികത്വത്തില്‍ മലയാളത്തില്‍ ബലിയർപ്പണം

തിരുക്കർമങ്ങള്‍ക്കുശേഷം നവ കർദിനാള്‍മാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വത്തിക്കാൻ സമയം രാവിലെ 9.30ന് മാതാവിന്‍റെ അമലോത്ഭവ തിരുനാളിന്‍റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം നവ കർദിനാള്‍മാരും കാർമികത്വം വഹിക്കും.
സീറോമലബാർ സഭയില്‍നിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും. ഞായറാഴ്ച വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാർ ബസിലിക്കയില്‍ കർദിനാള്‍ മാർ ജോർജ് കൂവക്കാട്ടിന്‍റെ കാർമികത്വത്തില്‍ മലയാളത്തില്‍ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടത്തും.

തിരുക്കർമങ്ങളില്‍ പങ്കെടുക്കാനായി മാർ കൂവക്കാട്ടിന്‍റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശേരി അതിരൂപതയില്‍നിന്നുള്ള വൈദികരും വിശ്വാസികളും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം ഇന്ന് വത്തിക്കാനില്‍ എത്തിച്ചേരും.

ഏഴംഗ കേന്ദ്രസംഘവും വത്തിക്കാനില്‍

മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിസംഘത്തെ വത്തിക്കാനിലേക്ക് അയച്ച്‌ കേന്ദ്രസർക്കാർ. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വത്തിക്കാനിലേക്കു പുറപ്പെട്ടത്.

പ്രതിനിധിസംഘം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

കൊടിക്കുന്നില്‍ സുരേഷ് എംപി, രാജ്യസഭാംഗമായ ഡോ. സത്നാം സിംഗ് സന്ധു, ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്‍റണി, ബിജെപി ദേശീയ വക്താവ് ടോം വടക്കൻ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ള മറ്റുള്ളവർ. പ്രതിനിധിസംഘം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *