എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ ഇറങ്ങുന്ന ഭാഗത്തുള്ള മാലിന്യ കുഴിയിൽ വീണ രണ്ടു വയസ്സുള്ള രാജസ്ഥാൻ സ്വദേശി റിഥാൻ രാജു മരണപ്പെട്ടു. 07-02-2025, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം.
എയർപോർട്ട് ഡൊമസ്റ്റിക് ടെർമിനലിന് സമീപമുള്ള അന്നസാറ കഫെയുടെ അടുത്തായിരുന്നു ഈ മാലിന്യ കുഴി. 2.5 അടി വിസ്തീർണവും 4.5 അടി താഴ്ചയും ഉള്ള മലിനജലം കെട്ടിനിൽക്കുന്ന ഈ കുഴി മൂടാതെയായിരുന്നു കിടന്നിരുന്നത്.
വിമാനത്തിൽ വന്നിറങ്ങിയ രാജസ്ഥാൻ ദമ്പതികളുടെ മകനാണ് റിഥാൻ രാജു. അവർ ചായ കുടിക്കുന്നതിനിടയാണ് കുട്ടിയെ കാണാതായത്. തിരച്ചിലിനിടയിൽ മാലിന്യ കുഴിയുടെ അടുത്ത് ചെരുപ്പ് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. മാലിന്യ കുഴിയിൽ വീഴുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
