റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്ബളം പാലം ഗതാഗതസജ്ജമാകുന്നു

February 18, 2025 - 6:10 am

ആലപ്പുഴ: പെരുമ്ബളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്ബളം പാലം പൂർത്തീകരണത്തിനരികെ. അന്തിമഘട്ട പ്രവൃത്തികള്‍ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

കായലിന് കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്ബളം പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും വേമ്ബനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വർഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.

പേര്, സ്ഥലം, കാലം, നിർമാണപദ്ധതി

രണ്ടു കിലോമീറ്റർ വീതിയും അഞ്ചു കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 മാണ്. 3000 ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. പാലം നിര്‍മ്മാണത്തിന് വേണ്ടിവരുന്ന ഭീമമായ തുകയേക്കാള്‍ ദ്വീപ് ജനത മറുകരയിലെത്താൻ വർഷങ്ങളായി അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് മുൻതൂക്കം നല്‍കി സംസ്ഥാനസര്‍ക്കാര്‍ കരുതലോടെയുള്ള സമീപനം സ്വീകരിക്കുകയും 2019ല്‍ മുഖ്യമന്ത്രി നേരിട്ടെത്തി പാലത്തി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയുമായിരുന്നു.

പാലത്തിന്റെ സവിശേഷതകൾ

1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. ദേശീയ ജലപാത കടന്നുപോകുന്ന ഭാഗമായതിനാല്‍ ബാർജ്, വലിയ യാനങ്ങള്‍ എന്നിവ തടസ്സമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച്‌ മാതൃകയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

നിർമ്മാണ പുരോഗതി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മ്മാണത്തിന്റെ 85 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. പാലത്തിന്റെ സ്ട്രക്ചർ ജോലികളെല്ലാം പൂർത്തിയാക്കി വടുതല ജെട്ടി ഭാഗത്തെ സമീപന റോഡിനുള്ള നിർമാണപ്രവർത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. ഉടൻതന്നെ പെരുമ്ബളം ഭാഗത്തെ സമീപനറോഡിന്റെ നിർമ്മാണ പ്രവൃത്തികളും ആരംഭിക്കും. വടുതല ഭാഗത്തും പെരുമ്ബളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപന റോഡുകള്‍ നിര്‍മിക്കുന്നത്.

പാലം നിർമാണത്തിലുളള പങ്ക് & ഭാവിയിലുളള ഉപയോഗങ്ങൾ

മുൻ എംപി എ എം ആരിഫും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനുമാണ് പാലത്തിനായി വലിയ ഇടപെടലുകള്‍ നടത്തിയത്. ചേർത്തല-അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്ബളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്ബളം പാലം വിഭാവനം ചെയ്തിരിക്കുന്നത്.

പാലത്തിന്‍റെ നിർമ്മാണ പുരോഗതി ദലീമ ജോജോ എംഎല്‍എയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച സ്ഥലം സന്ദർശിച്ച്‌ വിലയിരുത്തി. പാലം പൂർത്തീകരിക്കുന്നതോടെ ദ്വീപില്‍ നിന്ന് ഹ്രസ്വ, ദീർഘദൂര ബസ് സർവീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി എംഎല്‍എ പറഞ്ഞു. പെരുമ്ബളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി വി ആശ, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി പ്രതിനിധികള്‍, രാഷ്ട്രീയപാർട്ടി പ്രതിനിധികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *